
പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ട് ഉത്സവങ്ങൾക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ ശേഷം ഇത്തവണ മിക്ക ക്ഷേത്രങ്ങളിലും ജനപങ്കാളത്തമുള്ള ഉത്സവങ്ങൾ നടക്കുന്നത് ആശങ്കയൊരുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഉത്സവങ്ങൾക്ക് 20 ഇന മാർഗ നിർദേശങ്ങൾ
ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
1. കണ്ടെയിൻമെന്റ് സോണിൽ ഉത്സവം നടത്തരുത്.
2. 65 വയസ്സിനു മുകളിലുള്ളവർ, രോഗാതുരർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത്.
3. മാസ്ക്, ശാരീരിക അകലം, കൈ ശുചിത്വം എന്നിവ പാലിക്കണം.
4. ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണം.
5. അന്നദാനം ഒഴിവാക്കണം.
6. പ്രവേശന കവാടങ്ങളിൽ സ്‌ക്രീനിംഗ് പുരോഹിതർ അടക്കം നടത്തിയിരിക്കണം.
7. നിലത്ത് അടയാളപ്പെടുത്തിയും വേലികെട്ടിയും ശാരീരിക അകലം പാലിക്കണം.
8. വ്യക്തികളെയോ പ്രതലങ്ങളിലോ സ്പർശിച്ചാൽ കൈ ശുചിത്വം പാലിക്കണം.
9. രണ്ടു മണിക്കൂറിൽ ഒരു തവണ എങ്കിലും പൊതുഇടങ്ങൾ അണുവിമുക്തമാക്കണം.
10. ഉത്സവത്തിൽ പങ്കെടുത്തവർ അടുത്ത 14 ദിവസം സ്വയം നിരീക്ഷണം നടത്തണം. രോഗലക്ഷണം കണ്ടെത്തിയാൽ ദിശ 1056ൽ അറിയിക്കണം.
11. ഉത്സവത്തിൽ പങ്കെടുക്കുന്നവരുടെ പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തണം.
12. പരിപാടികൾ സംഘടിപ്പിക്കുന്നവർ, കച്ചവടക്കാർ, വ്യാപാര സംഘടനകൾ എന്നിവരുമായി ആലോചിച്ച് അനുബന്ധ കാര്യങ്ങൾ തീരുമാനിക്കണം.
13. ശാരീരിക അകലം പാലിക്കുന്നതിനും ഇടയ്ക്കിടെ ശുചിത്വം ഉറപ്പു വരുത്തുന്നതിനും സജ്ജീകരണം മുൻകൂട്ടി ആസൂത്രണം ചെയ്യണം.
14. റാലികളും ഘോഷയാത്രകളും കടന്നുപോകുന്ന വീഥികളുടെ വിശദാംശം തയ്യാറാക്കൽ, നിമഞ്ജന വേദി തിരഞ്ഞെടുക്കൽ, പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തുക, ശാരീരിക അകലം പാലിക്കുക എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യണം.
15. പ്രദർശനങ്ങൾ, മേളകൾ, പർണ്ണശാലകൾ, കച്ചേരികൾ, നാടകങ്ങൾ തുടങ്ങി ആഴ്ചകളോളം നടത്താനായി ആസൂത്രണം ചെയ്തിരിക്കുന്ന പരിപാടികളിൽ ജനപങ്കാളിത്തം നിയന്ത്രിക്കണം.
16. സന്ദർശകർക്ക് അകത്തേയ്ക്ക് പ്രവേശിക്കുവാനും പുറത്ത് ഇറങ്ങുന്നതിനുമായി ആവശ്യത്തിന് വാതിലുകൾ വേണം.
17. വാതിലുകളിൽ കൈകൾ അണു വിമുക്തമാക്കുന്നതിനും രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തേണ്ടതാണ്.
18 പന്തലുകളിലും ഭക്ഷണശാലകളിലും പരിപാടികളിലുമുള്ള ഇരിപ്പിട സജീകരണം സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ളതായിരിക്കണം.
19. മതപരമായ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രതിമകൾ/ വിഗ്രഹങ്ങൾ/വിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയെ സ്പർശിക്കുന്നത് അനുവദനീയമല്ല. കച്ചേരികളും ഗായകസംഘങ്ങളും ഒഴിവാക്കേണ്ടതുമാണ്.
20. റാലികളിലും പ്രദക്ഷിണങ്ങളിലും ഘോഷയാത്രകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം.