പത്തനംതിട്ട: നഗരസഭയിൽ എസ്.ഡി.പി.ഐയുമായും റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുമായും എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന ചർച്ച അടഞ്ഞ അദ്ധ്യായമാണെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻമാസ്റ്ററും സി.പി.ഐ നേതാവ് ബിനോയ് വിശ്വവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ടയിൽ എൽ.ഡി.എഫ് എസ്.ഡി.പി.ഐയെ സഹായിച്ചിട്ടില്ലെന്ന് ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. സി.പി.െഎ പ്രാദേശിക നേതൃത്വത്തിനുണ്ടായ അഭിപ്രായ ഭിന്നത ചർച്ച ചെയ്തു പരിഹരിച്ചതാണ്. ബി.ജെ.പി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡന്റായ ജോസ് വിഭാഗം പ്രതിനിധി രാജിവയ്ക്കും.

പഞ്ചായത്ത് അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട് 2 മാസം കഴിയുമ്പോഴും റാന്നിയിൽ ശോഭാ ചാർളി അധികാരത്തിൽ തുടരുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. 2 ബി.ജെ.പി അംഗങ്ങളുടെ വോട്ട് നേടി ജയിച്ച സഹാചര്യത്തിൽ രാജി വയ്ക്കണമെന്ന് ഇടതുമുന്നണി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. പാർട്ടിയുടെയും മുന്നണിയുടെയും ആവശ്യം നിരാകരിച്ച ശോഭ ചാർളിയെ ഇടതുമുന്നണി പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയെന്ന് നേതാക്കൾ പറഞ്ഞു.