project
തിരുവല്ല-ചങ്ങനാശ്ശേരി നഗര കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് മാത്യു ടി തോമസ് എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യുന്നു

തിരുവല്ല: ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. തിരുവല്ല ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായുള്ള പാക്കേജ് 1, 2 പ്രവർത്തികളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ 13 ലക്ഷം വാട്ടർ കണക്ഷനുകൾ പുതിയതായി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാലുലക്ഷത്തോളം പുതിയ കണക്ഷൻ മാത്രമാണു നൽകിയത്. ജലഗുണം പരിശോധിക്കാൻ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും പരിശോധനാ ലാബുകൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 58 കോടി രൂപയ്ക്കാണ് തിരുവല്ലചങ്ങനാശേരി നഗര കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മാത്യു ടിതോമസ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പദ്ധതിയുടെ പാക്കേജ് ഒന്നിൽ തിരുവല്ല,കല്ലിശേരി ജലശുദ്ധീകരണ ശാലകളുടെ നവീകരണവും കല്ലിശേരി ജല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും പാക്കേജ് രണ്ടിൽ തിരുമൂലപുരത്ത് 15 ലക്ഷം ലിറ്റർ ഉന്നതതല ജലസംഭരണിയും തിരുവല്ല ഓഫീസ് കോമ്പൗണ്ടിൽ 22 ലക്ഷം ലിറ്റർ ഉന്നതതല സംഭരണിയും ഓഫീസ് സമുച്ചയവും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അലക്സ് കണ്ണമല, മുനിസിപ്പൽ കൗൺസിലർമാരായ ലെജു എം.സക്കറിയ, ജിജി വട്ടശേരി, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ഉഷാ രാധാകൃഷ്ണൻ, അടൂർ പ്രോജ്ര്രക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ രേഖ, അടൂർ പ്രോജ്ര്രക് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനിയർ മഞ്ജുമോൾ, അഡ്വ.ആർ സനൽകുമാർ, പ്രൊഫ. അലക്സാണ്ടർ കെ. ശാമുവേൽ, അംബികാ മോഹൻ എന്നിവർ പ്രസംഗിച്ചു.