പത്തനംതിട്ട : ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.എഫ്, ബി.എം.എസ് സംഘടനകൾ ആഹ്വാനം ചെയ്ത ഇരുപത്തിനാല് മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി അത്യാവശ്യ സർവീസ് അടക്കം നടത്തിയില്ല. നൂറ്റിമുപ്പത്തെട്ട് ജീവനക്കാരിൽ ഇരുപത്തൊമ്പത് പേർ മാത്രമാണ് പത്തനംതിട്ട ഡിപ്പോയിൽ ഇന്നലെ ഹാജരായത്. അതും ഗാരേജിലെ ജീവനക്കാരും മെക്കാനിക്കുകളും മാത്രം. ഡ്രൈവർമാരോ കണ്ടക്ടർമാരോ ജോലിയ്ക്കെത്തിയില്ല. ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്നവിധം ഉത്തരവിറക്കണം എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം. എന്നാൽ പരിഷ്കരണം ജൂണിലാക്കിയതിൽ പ്രതിഷേധിച്ചാണ് സംഘടനകൾ പണിമുടക്ക് നടത്തിയത്.
കെ.എസ്.ആർ.ടി.സി പണിമുടക്കിയതോടെ ദൂരയാത്രചെയ്ത് ജോലിയ്ക്കെത്തുന്നവർ വഴിയിൽപ്പെട്ടു. പണിമുടക്ക് ആണെന്ന് അറിയാതെ സ്റ്റാൻഡിലെത്തിയവർ ചിലർ തിരിച്ച് പോകുകയും സ്വന്തം വാഹനത്തിൽ ജോലിയ്ക്കെത്തുകയും ചെയ്തു. യാത്രാക്കാർ കൂടിയതിനാൽ പ്രൈവറ്റ് ബസുകളിൽ വലിയ തിരക്കായിരുന്നു ഇന്നലെ.
പിന്തുണയ്ക്കാത്തവരും പണി മുടക്കി
അടൂർ: രണ്ട് സംഘടനകൾ മാത്രം ആഹ്വാനം ചെയ്ത കെ.എസ്. ആർ.ടി.സിയിലെ 24 മണിക്കൂർ പണിമുടക്കിനെ തുടർന്ന് അടൂർ ഡിപ്പോയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. പണിമുടക്കിന് ആഹ്വാനം ചെയ്യാത്ത ഇടതുപക്ഷ സംഘടനകളും ജീവനക്കാരുടെ പൊതുപ്രശ്നം എന്ന നിലയിൽ ജോലിക്ക് ഹാജരാകാതെ പണിമുടക്ക് ആഹ്വാനത്തിന് പിന്തുണ നൽകുകയായിരുന്നു. ഇന്നലെ ഒരു ഡ്രൈവറും പുതിയതായിവന്ന രണ്ട് വനിതാ കണ്ടക്ടർമാരും മാത്രമാണ് ഹാജർ ബുക്കിൽ ഒപ്പുവച്ചത്. ഭൂരിപക്ഷം ഓഫീസ് ജീവനക്കാരും ഹാജരായില്ല. ദീർഘദൂരം ഉൾപ്പെടെ ശരാശരി 30 സർവീസുകൾ അയച്ചു വന്ന ഡിപ്പോയിൽ നിന്ന് ഇന്നലെ ഒറ്റ സർവീസ് പോലും ഓപ്പറേറ്റ് ചെയ്യാനായില്ല. അടൂർ എ.ടി.ഒ യുടെ കീഴിലുള്ള പന്തളം ഡിപ്പോയിൽ നിന്ന് തിരുവല്ല - അടൂർ റൂട്ടിൽ ഒരു ബസ് സർവീസ് നടത്തി. എം.സി റോഡിലെ പ്രധാന ഡിപ്പോകളിൽ ഒന്നായ കൊട്ടാരക്കരയിൽ നിന്ന് സർവീസുകൾ നിലച്ചതോടെ ഇന്നലെ യാത്രക്കാർ വലഞ്ഞു. അടൂർ ഡിപ്പോയുടെ പ്രവേശന കവാടത്തിൽ നിരവധി യാത്രക്കാരാണ് മറ്റ് ഡിപ്പോകളിൽ നിന്ന് ബസ് എത്തുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളം കാത്തുനിന്നത്. ബസ് ലഭിക്കാതെ ഭൂരിപക്ഷം പേർക്കും വീടുകളിലേക്ക് മടങ്ങേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് പുറപ്പെടേണ്ട സർവീസ് അയയ്ക്കാൻ നിരവധി കണ്ടക്ടർമാരെയും ഡൈവർമാരെയും ബന്ധപ്പെട്ടെങ്കിലും ആരും ഡ്യൂട്ടിക്ക് തയ്യാറായില്ല. തുടർന്ന് മുൻകൂർ റിസർവേഷൻ ചെയ്തവരെ സർവീസ് ക്യാൻസൽ ചെയ്യുന്ന വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയാണുണ്ടായത്. വൈകിട്ട് പോകേണ്ട ദീർഘദൂര സർവീസുകൾ മുടങ്ങിയതാണ് യാത്രക്കാരെ ഏറെ വലച്ചത് .
തിരുവല്ലയിൽ മുഴുവൻ സർവീസും മുടങ്ങി
തിരുവല്ല: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് തിരുവല്ലയിലെ മുഴുവൻ സർവീസുകളും മുടങ്ങി. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ദുരിതത്തിലായി. രണ്ട് കണ്ടക്ടർമാരും പതിനഞ്ചോളം ഓഫീസ് ജീവനക്കാരും മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. ഡ്രൈവർമാർ എത്താതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ മുതലുള്ള എല്ലാ സർവീസുകളും തടസപ്പെട്ടു. ദേശസാൽകൃത റൂട്ടുകളിലെ യാത്രക്കാരെയാണ് സമരം ഏറെ വലച്ചത്. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരും മറ്റും അമിതകൂലി നൽകി ടാക്സികളെ ആശ്രയിച്ചാണ് ഇന്നലെ ഓഫിസുകളിൽ എത്തിയത്. ദീർഘദൂര യാത്രക്കാരും പെരുവഴിയിലായി. എം.സി.റോഡിലൂടെയുള്ള ദീർഘദൂര ബസുകൾ സർവീസ് നടത്തുമെന്ന പ്രതീക്ഷയിൽ വഴിയോരങ്ങളിൽ കാത്ത് നിന്ന പലരും നിരാശരായി മറ്റു മാർഗങ്ങൾ തേടുകയായിരുന്നു.