കലഞ്ഞൂർ: 24 മണിക്കൂറിനുള്ളിൽ പാഴ് വസ്തുക്കളിൽ നിന്ന് നൂറിലധികം കരകൗശല വസ്തുക്കൾ ഉണ്ടാക്കി ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് എന്നിവയുടെ അംഗീകാരം നേടിയിരിക്കുകയാണ് കൂടൽ ഇഞ്ചപ്പാറ മുളമൂട്ടിൽ ചരുവിൽ റെജിസാമുവേലിന്റെയും ബിൻസി റെജിയുടെയും മകൾ മെറിൻ സാറ സജി (19).
ലോക്ക് ഡൗണിന്റെ വിരസതയിലാണ് മെറിൻ കൗതുക വസ്തുക്കൾക്ക് രൂപം നൽകിയത്. ഓറഞ്ചുതൊലി, വെളുത്തുള്ളി, മത്തങ്ങാക്കുരു, സാവാള, പിസ്തതോട്, ഓയിൽടിൻ , കാർഡ് ബോർഡ്, പ്ലാസ്റ്റിക് ബോട്ടിൽ, പെയിന്റ് ടിൻ , ചട്ടി, ചിരട്ട, പഴയ കുക്കിംഗ് പാൻ, ഷൂസ് എന്നിവയുപയോഗിച്ച് നിർമ്മിച്ച അലങ്കാര വസ്തുക്കൾ വീടിന്റെ ബാൽക്കണിയിൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിന് ഓൺലൈനായി അപേക്ഷ നൽകി . വിഷയം അംഗീകരിച്ച് എഴ് ദിവസത്തിനുള്ളിൽ അവതരണാനുമതി നൽകി. 24 മണിക്കൂറിനുള്ളിൽ നൂറിലധികം സാധനങ്ങൾ ഉണ്ടാക്കി 170 ചതുരശ്ര അടിയുള്ള വീടിന്റെ ബാൽക്കണി അലങ്കരിച്ചു. തുടർന്ന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിന്റെ അംഗീകാരം ലഭിച്ചു. ഇതേ തീം ഏഷ്യബുക്ക് ഒഫ് റെക്കാഡിനും സമർപ്പിക്കുകയായിരുന്നു. ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ രണ്ടാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് മെറിൻ.