കുളനട: വായനക്കൂട്ടം കുളനട സംഘടിപ്പിക്കുന്ന നടരാജഗുരുവിനെക്കുറിച്ചുള്ള സംവാദം 27ന് വൈകിട്ട് 3ന് ഇലവുംതിട്ട എസ്.എൻ.ഡി.പി ശാഖാമന്ദിരത്തിലെ മൂലൂർ സ്മാരകഹാളിൽ നടക്കുന്നതാണ്. ഇതോടനുബന്ധിച്ച് വർക്കല നാരായണഗുരുകുലം പ്രസിദ്ധീകരിച്ചിട്ടുള്ള ഏകദേശം 250 ഓളം പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും 26 മുതൽ ആരംഭിക്കുന്നതാണെന്ന് വായനക്കൂട്ടം കുളനട സംഘാടകരായ ജി.രഘുനാഥും സുരേഷ് പനങ്ങാടും അറിയിച്ചു. നടരാജഗുരു സംവാദം അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ബി.സുഗീത ഉദ്ഘാടനം ചെയ്യും. നടരാജഗുരു ദർശനം എന്ന വിഷയത്തെപ്പറ്റി ഡോ.സുരേഷ് മാധവ് പ്രഭാഷണം നടത്തും. പ്രൊഫ.ഡി.പ്രസാദ്‌മോഡറേറ്റർ ആയിരിക്കും. മലയാള ഭാഷാ വ്യാകരണത്തിന് സമഗ്രമായ സംഭാവന നൽകിയ പ്രൊഫ. മാലൂർ മുരളീധരനെ മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ആദരിക്കും. ഇലവുംതിട്ട എസ്.എൻ.ഡി.പി.ഹാളിൽ നടക്കുന്ന പുസ്തകമേള 26ന് രാവിലെ 10ന് വിനിതാ അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ കഥാകൃത്ത് രവിവർമ്മത്തമ്പുരാൻ ആശാ ബന്നിന് ആദ്യപുസ്തകവില്പന നടത്തി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരുവിന്റേയും നടരാജഗുരുവിന്റേയും മുനി നാരായണപ്രസാദിന്റേയും മറ്റും വിശിഷ്ടങ്ങളായ പുസ്‌കങ്ങളും ഗുരുദേവകൃതികളുടെ വ്യാഖ്യാനങ്ങളും പഠനങ്ങളുമടങ്ങുന്ന പുസ്തകമേള പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.