അടൂർ: ജീവനക്കാരുടെ സ്ഥലംമാറ്റ ലിസ്റ്റ് ഇറങ്ങിയിട്ടും അടൂർ കെ.എസ്. ആർ.ടി. സി ഡിപ്പോയ്ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ല. ഇക്കാരണത്താൽ നിറുത്തിവെച്ച പഴയ സർവീസുകളിൽ പലതും പുനരാരംഭിക്കുന്നതിനുള്ള തടസം നീങ്ങുന്നില്ല. ലോക്ഡൗണിന് മുൻപ് 46 സർവീസുകളായിരുന്നു അടൂർ ഡിപ്പോയിൽ നിന്നും നടത്തിയത്. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ കുറവുള്ളതിനാൽ നിലവിൽ 30-ൽ താഴെ ബസുകളാണ് അയയ്ക്കുന്നത്. പഴയ 46 സർവീസുകൾ അയയ്ക്കണമെങ്കിൽ 113 കണ്ടക്ടർമാരും 115 ഡ്രൈവർമാരും വേണം. ആ സ്ഥാനത്ത് നിലവിൽ 77 പേരാണ് ഡ്രൈവർമാരായുള്ളത്. ഒരു മാസത്തേക്ക് ചേർത്തല ഡിപ്പോയിൽ നിന്നും വർക്കിംഗ് അറേഞ്ച്മെൻ്റിൽ 10പേരെ ലഭ്യമാക്കിയെങ്കിലും നിശ്ചിത സമയം പൂർത്തിയാക്കി അവർ മടങ്ങി. പകരം ഏഴ് പേരെ കൂടി അടൂരിലേക്ക് നിയമിച്ചു. ഇവർകൂടി എത്തിയാൽ ഡ്രൈവർമാരുടെ എണ്ണം 84 ആയി ഉയരും. അപ്പോഴും 31 പേരുടെ കുറവുണ്ടാകും. കണ്ടക്ടർമാരുടെ സ്ഥിതിയും വത്യസ്ഥമല്ല. 111 പേരായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. അതിൽ 10പേർ ദീർഘകാലാവധിയിലാണ്. ശേഷിച്ച 101 പേരിൽ നിന്നും 34 പേരേ സ്ഥലം മാറ്റി. പകരം നിയമിച്ചതാകട്ടെ 13 പേർ മാത്രം. അതിൽ 9 പേർ മാത്രമാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബാക്കിയുള്ളവർ കൂടി എത്തിയാലും കണ്ടക്ടർമാരുടെ എണ്ണം 80 ആയി കുറയും. സ്ഥലം മാറി വരുന്നവരിൽ വനിതാ കണ്ടക്ടർമാരുടെ എണ്ണം കൂടുതലായാൽ ദീർഘദൂര സ്റ്റേ സർവീസുകളെയാണ് സാരമായി ബാധിക്കുക. കോട്ടയം - മൈസൂർ സൂപ്പർ എക്സ്പ്രസ് സർവീസ് അടൂരിലേക്ക് നീട്ടാൻ അനുമതി ലഭിച്ചെങ്കിലും ഡ്രൈവർ കം കണ്ടക്ടറുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് ഡിപ്പോ അധികൃതർ നിരസിച്ചത്. മണിപ്പാൽ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾ അടൂരിൽ നിന്നും ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവാണ് ഡിപ്പോ നേരിടുന്ന കടുത്ത പ്രതിസന്ധി. മതിയായ ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള സർവീസുകൾ പുനരാരംഭിക്കാനാവില്ല.
ജീവനക്കാരുടെ കുറവ് കെ.എസ്. ആർ.ടി.സി എം.ഡിയുടേയും വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകും .
ചിറ്റയം ഗോപകുമാർ
(എം.എൽ. എ)
-ലോക്ക് ഡൗണിന് മുൻപ് 46 ബസുകൾ
- ഇപ്പോൾ സർവീസ് നടത്തുന്നത് 30ൽ താഴെ