canal
കൂടൽ എൽ.പി. സ്കൂളിന് സമീപം കനാലിൽ മാലിന്യം ഒഴുക്ക് തടസപ്പെടുത്തിയപ്പോൾ

കലഞ്ഞൂർ: കല്ലട ഇറിഗേഷൻ പദ്ധതിയിലെ കനാലുകളുടെ ശുചീകരണം പ്രഹസനമായി. കാടും പടലും വെട്ടി കനാലിൽ തന്നെ ഇട്ടതു കാരണം പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. കലഞ്ഞൂർ പഞ്ചായത്തിലൂടെയുള്ള ഉപകനാലുകളിലെ ശുചീകരണമാണ് പാഴ് വേലയായത്. കനാൽ വൃത്തിയാക്കിയപ്പോൾ അവശിഷ്ടങ്ങൾ കരയിലേക്ക് മാറ്റാതിരുന്നതാണ് വിനയായത്. കുറ്റിച്ചെടികളും കമ്പുകളുമെല്ലാം കനാലിൽ തന്നെ ഇട്ടിരിക്കുകയായിരുന്നു. കൂടൽ ഗവ.എൽ.പി.എസ്, നെല്ലിമുരുപ്പ്, കലഞ്ഞൂർ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയുള്ള കനാലുകളിലാണ് മാലിന്യം ഒഴുക്ക് തടസപ്പെടുത്തിയത്. ഇവിടെ ഇറച്ചി, കോഴി മാലിന്യങ്ങളും വന്നടിഞ്ഞതിനാൽ ദുർഗന്ധം രൂക്ഷമായിട്ടുണ്ട്. മദ്യത്തിന്റെയും മരുന്നിന്റെ കുപ്പികളും കിടപ്പുണ്ട്.