ele
ഇലന്തൂരി​ൽ ജല വിതരണ പൈപ്പ് പൊട്ടി റോഡിലുണ്ടായ വലിയ കുഴിയിൽ നാട്ടുകാർ കൊടികുത്തിയിരിക്കുന്നു

ഇലന്തൂർ : ജലവിതരണ പൈപ്പ് ലൈൻ പതിവായി തകരാറിലാകുന്നത് ജനജീവിതം ദുസഹമാക്കുന്നു. ഇലന്തൂർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലുമാണ് ജല അതോറിറ്റിയുടെ പൈപ്പുലൈൻ പതിവായി പൊട്ടുന്നത്. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ വെയിറ്റിംഗ് ഷെഡിന് മുന്നിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുകയാണ്. ഇപ്പോൾ മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തേക്കുള്ള റോഡിൽ ഓട്ടോ സ്റ്റാൻഡിനു സമീപതും പൈപ്പ് തകർച്ചയിലാണ്.

വെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്നത് യാത്രക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ഭീഷണിയാകുന്നു. ഓട്ടോറിക്ഷ വിളിക്കാനെത്തുന്നവരും വെള്ളക്കെട്ട് കാരണം തിരിച്ചു പോകുന്നതായി ഓട്ടോ തൊഴിലാളികൾ പരാതിപ്പെടുന്നു. കൊവിഡ് പ്രതിസന്ധിയും ഇന്ധനവില വർദ്ധനയും ദുരിതം ഇരട്ടിയാക്കുന്നതിനിടെയാണ് ജല അതോറിറ്റിയും തങ്ങളെ പരീക്ഷിക്കുന്നതെന്ന് ഓട്ടോത്തൊഴിലാളികളും പറയുന്നു.

പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2 ദിവസത്തിനുളളിൽ പരിഹാരമൊരുക്കും.
( എക്‌സിക്യൂട്ടീവ് എൻജിനീയർ,

ജല അതോറിറ്റി, പത്തനംതിട്ട).