veg

അടൂർ : വിഷരഹിത പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന സമഗ്ര പച്ചക്കറികൃഷി വ്യാപകമാക്കുന്നതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാർഡ് വിതരണ ഉദ്ഘാടനം അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ നിർവഹിക്കുകയായിരുന്നു എം.എൽ.എ.
ജില്ലയിലെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാലയങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പച്ചക്കറി കർഷകർ, ക്ലസ്റ്ററുകൾ, പ്രോജക്ട് അടിസ്ഥാനത്തിൽ കൃഷി ചെയ്ത സ്ഥാപനങ്ങൾ, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി, കൃഷി ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ജില്ലതല അവാർഡ് വിതരണമാണ് നടന്നത്.
അടൂർ നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. വീണാ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്) മാത്യു എബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്. ഷീബ, കൃഷി അസിസ്റ്റൻഡ് ഡയറക്ടർ റോഷൻ ജോർജ്, മനു ജോർജ് മത്തായി തുടങ്ങിയവർ സംസാരിച്ചു.