konni

നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുന്നതിന് മുൻപേ ത്രികോണ മത്സരത്തിന്റെ അരങ്ങുണർന്ന മൂന്ന് മണ്ഡലങ്ങളുണ്ട് പത്തനംതിട്ട ജില്ലയിൽ. കോന്നി, അടൂർ, ആറൻമുള മണ്ഡലങ്ങളിലാണ് ഇക്കുറി തീപാറാൻ പോകുന്നത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇൗ മൂന്ന് മണ്ഡലങ്ങളിലെയും വോട്ട് നില നോക്കിയാൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തുല്ല്യ ശക്തിയുണ്ടെന്ന് പറയാം.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റ് പതിവായതിനാൽ ആ മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് കിട്ടണമെന്നില്ല. മൂന്ന് മുന്നണികളും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി മണ്ഡലങ്ങൾ പിടിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.

അടൂർ

ഇടതിനെയും വലതിനെയും മാറിമാറി പുൽകിയ പാരമ്പര്യം. സംവരണ മണ്ഡലമായ 2011 മുതൽ തുടർച്ചയായി രണ്ട് തവണ ഇടതിനൊപ്പമാണ്. സി.പി.എെയുടെ ചിറ്റയം ഗോപകുമാറാണ് രണ്ടു തവണയും വിജയിച്ചത്. മൂന്ന് ടേം വരെ ഒരാളെ നിയമസഭയിലേക്ക് മത്സരിപ്പിക്കാമെന്ന സി.പി.െഎ സംസ്ഥാന കൗൺസിൽ തീരുമാനം ഉള്ളതുകൊണ്ട് ചിറ്റയത്തിന് അടുത്ത ടേം കൂടി നൽകുമെന്നാണ് കരുതപ്പെടുന്നത്. മണ്ഡലത്തിൽ സജീവമാണ് അദ്ദേഹം. 2011ൽ 607 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തെ ഇടതിനൊപ്പം ചേർത്ത ചിറ്റയം 2016ൽ ഭൂരിപക്ഷം 25460 ആയി ഉയർത്തി. എൽ.ഡി.എഫ് തുടർ ഭരണം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ചിറ്റയത്തെ മാറ്റിയുള്ള പരീക്ഷണത്തിന് സി.പി.െഎ മുതിരില്ലെന്നാണ് സൂചന.

കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 2011 വരെ കോട്ട പോലെ കാത്ത അടൂർ തിരിച്ചു പിടിക്കാൻ കരുത്തനായ നേതാവിനെ പാർട്ടി രംഗത്തിറക്കും. അടുത്തിടെയായി സർക്കാരിനെതിരായ സമരങ്ങളിൽ തിളങ്ങി നിൽക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അടൂരിന്റെ പട്ടികയിലുണ്ട്. അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വികാരം.

2016 നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്വാധീനം ഗണ്യമായി വർധിച്ചത്. പട്ടികജാതി മോർച്ച നേതാവായ പി.സുധീർ 26000 ത്താേളം വോട്ടുകൾ നേടി. 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ 51260 വോട്ടു നേടി രണ്ടാമതെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ 36895 വോട്ടു നേടി ബി.ജെ.പി ശക്തമായ മൂന്നാം സാന്നിദ്ധ്യമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യത കണക്കാക്കുന്ന അടൂരിൽ സംസ്ഥാന നേതാവിനെ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

കോന്നി

കോൺഗ്രസിന്റെ കോട്ടയായിരുന്ന കോന്നിയിൽ 25 വർഷത്തിനു ശേഷം 2019 ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ യുവ സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ ചെങ്കൊടി പാറിച്ചു. ഒന്നര വർഷത്തിനു ശേഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിലും ജനീഷ് കുമാർ തന്നെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് തുടങ്ങിയതുപോലുള്ള വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കിയെന്ന നേട്ടവും ജനീഷിനുണ്ട്.

താൻ നിർദശിച്ചയാളെ മത്സരിപ്പിക്കാതിരുന്നതുകൊണ്ട് 2019 ഉപതിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ സാന്നിദ്ധ്യം കോന്നിയിലുണ്ടായിരുന്നില്ല. ഇത്തവണ അദ്ദേഹം നിർദേശിച്ചിരിക്കുന്നത് ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്ററെയാണ്. കോന്നിയിൽ അടൂർ പ്രകാശ് നിർദേശിക്കുന്നയാളെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിർദേശം.

2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ 46506 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ കെ.സുരേന്ദ്രനും രണ്ടാം സ്ഥാനത്ത് എത്തിയ വീണാജോർജും തമമിൽ 446 വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ 39796 വോട്ടു നേടി ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ ഇടത്, വലത് മുന്നണികൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഇത്തവണ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നിലപാട്.

ആറൻമുള

നിലവിലെ എം.എൽ.എ വീണാ ജോർജ് തന്നെ ആറൻമുളയിൽ വീണ്ടും മത്സരിക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. സി.പി.എമ്മോ വീണാ ജോർജോ ഉത്തരം പറയുന്നില്ലെങ്കിലും തിരഞ്ഞെട‌ുപ്പിനുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമാണ്. കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം സി.പി.എമ്മിന് നിലനിർത്തണം. കൈവിട്ടത് തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇത്തവണ ആരെയിറക്കുമെന്ന ചോദ്യം നിലനിൽക്കെ, വീണയോട് കഴിഞ്ഞ തവണ തോറ്റു മടങ്ങിയ മുൻ എം.എൽ.എ ശിവദാസൻ നായർ മണ്ഡലത്തിൽ പ്രുമരുമായി കൂടിക്കാഴ്ചകൾ നട‌ത്തുന്നുണ്ട്. ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജും രംഗത്തുണ്ട്. കഴിഞ്ഞ തവണ ഏഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണാജോർജ് വിജയിച്ചത്. മണ്ഡലം നന്നായി നോക്കിയെന്ന് വീണയ്ക്ക് ഇത്തവണ അവകാശപ്പെടാം. എല്ലായിടങ്ങളിലും സാന്നദ്ധ്യമായിരുന്ന വീണയ്ക്ക് വികസന നേട്ടങ്ങൾ എണ്ണിപ്പറയാനുണ്ട്. അതേസമയം, മൂന്നാം ശക്തിയായി മാറിക്കഴിഞ്ഞ ബി.ജെ.പി ഇരുമുന്നണികൾക്കും ഭീഷണിയാണ്. 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആറൻമുള നിയമസഭാ മണ്ഡലത്തിൽ കെ.സുരേന്ദ്രൻ അര ലക്ഷം വോട്ടുകൾ നേടിയിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെട‌ുപ്പിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം ഇടിഞ്ഞു താഴ്ന്നു. സംസ്ഥാന നേതാവിനെ രംഗത്തിറക്കി പോരാട്ടം കനപ്പിക്കാനുള്ള ഒരുക്കത്തിലാണവർ.