
പത്തനംതിട്ട: ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്ത ആകെ ക്രിമിനൽ കേസുകൾ 205. നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇത്രയും കേസുകൾ.
ഗുരുതര സ്വഭാവമില്ലാത്ത ക്രിമിനിൽ കേസുകൾ പിൻവലിക്കുമെന്നാണ് സർക്കാർ തീരുമാനം. നാമജപം, വഴി തടയൽ എന്നിവയുമായി ബന്ധപ്പെട്ടതും പെറ്റി കേസുകളും പിൻവലിക്കുമെന്നാണ് സൂചന.
ജില്ലയിൽ 20 പൊലീസ് സ്റ്റേഷനുകളിൽ ശബരിമല പ്രക്ഷോഭത്തിന്റെ കേസുകളുണ്ട്. ആയിരത്തോളം ആളുകൾ പ്രതികളായ ഗുരുതര ക്രിമിനൽ സ്വഭാവമുള്ളവയാണ് കേസുകൾ.
ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ഹിന്ദു െഎക്യവേദി നേതാക്കളായ കെ.പി. ശശികല, ആർ.വി ബാബു, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങി സംഘപരിവാർ, ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകർക്കെതിരെ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമം, പൊലീസുമായി ഏറ്റുമുട്ടൽ, പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകളെ തടഞ്ഞ് കയ്യേറ്റം ചെയ്യൽ, അക്രമങ്ങൾക്ക് പ്രേരിപ്പിക്കൽ, അയ്യപ്പ ഭക്തരെ തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.കെ മുനീർ തുടങ്ങിയവർക്കെതിരെയും കേസുകളുണ്ടെങ്കിലും ഗുരുതര സ്വഭാവമുള്ളതല്ലെന്ന് പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. യു.ഡി.എഫ് നേതാക്കൾ നിലയ്ക്കലും പമ്പയിലും പത്തനംതിട്ടയിലും ധർണ നടത്തി പിരിഞ്ഞു പോവുകയായിരുന്നു.
ജില്ലയിൽ വിവധ പൊലീസ് സ്റ്റേഷനുകളിൽ
രജിസ്റ്റർ ചെയ്ത കേസുകൾ
പമ്പ 38, അടൂർ 32, പന്തളം 16, നിലയ്ക്കൽ 13, സന്നിധാനം 10, കൊടുമൺ 10, കോന്നി 4, കൂടൽ 1, ചിറ്റാർ 3, റാന്നി 8, പെരുനാട് 3, പത്തനംതിട്ട 14, മലയാലപ്പുഴ 2, ആറൻമുള 17, ഏനാത്ത് 4, പെരുമ്പെട്ടി 4, തിരുവല്ല 9, കീഴ്വൂർ 4, കോയിപ്രം 10, വടശേരിക്കര 3.
ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിലവിലുള്ള 10 ക്രിമിനൽ കേസുകളിൽ അന്വേഷണം പൂർത്തിയായില്ല. ഇതിൽ 92 പ്രതികളുണ്ട്. അഞ്ച് കേസുകൾ ജാമ്യം ലഭിക്കുന്നവയും ബാക്കി ജാമ്യം കിട്ടാത്തവയുമാണ്. 2018 സെപ്തംബർ മുതൽ 2019 ജനുവരി വരെ ശബരിമലയിൽ സംഘർഷത്തിന്റെ നാളുകളായിരുന്നു.