 
കോന്നി: ഗുരുമന്ദിരം പടി- മഠത്തിൽകാവ് - പുളിയ്ക്കപ്പതാലിൽ റോഡിലൂടെ യാത്ര ചെയ്താൽ ഇനി പ്രകൃതി സൗന്ദര്യം മതിവരുവോളം ആസ്വദിക്കാം. പ്രഭാത, സായാഹ്ന വേളകളിൽ ജനങ്ങൾക്ക് വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടവും ഉദ്യാനവും ഒരുക്കി സൗന്ദര്യവത്കരിച്ച റോഡ് അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് വീതികൂട്ടി റോഡ് സൗന്ദര്യ വത്കരിച്ചത്. വൈകുന്നേരങ്ങളിൽ ഗ്രാമീണ ഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും ഇനി മഠത്തിൽകാവ് ഏലായ്ക്ക് നടുവിലൂടെ പോകുന്ന ഈ റോഡിലെത്തിയാൽ മതി.ഏലായിൽ റോഡ് കടന്നു പോകുന്ന ഭാഗത്താണ് ചാരുബഞ്ച് സ്ഥാപിച്ചിരിക്കുന്നത് .ആരെയും ആകർഷിക്കുന്ന രീതിയിൽ റോഡിന് ഇരുവശവും തണൽമരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുവശങ്ങളിലായി നട്ടുവളർത്തിയിരിക്കുന്ന വിവിധതരത്തിലുള്ള പൂച്ചെടികളും യാത്രക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുക. റോഡ് സൗന്ദര്യവത്കരിച്ചതോടെ ഗ്രാമീണ ടൂറിസത്തിന്റെ പ്രാധാന്യവും വർദ്ധിച്ചിരിക്കുകയാണ്. പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡായതിനാൽ സൂര്യസ്തമയം വീക്ഷിക്കുവാനും ഇവിടെയെത്തിയാൽ സാദ്ധ്യമാകും.
റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്യും
റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്തും സംരക്ഷണ വേലി സജ്ജമാക്കിയുമാണ് ഗ്രാമീണ റോഡ് സൗന്ദര്യവത്കരിച്ചത്. കോന്നി പഞ്ചായത്തിലെ പതിനാലാം14-ാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന് വളരെയധികം പ്രാധാന്യമുണ്ട്. മഠത്തിൽകാവ് ക്ഷേത്രത്തിലേക്കും, ചൈനാ മുക്ക് ഗുരുമന്ദിരത്തിലേക്കും, എൻ.എസ്.എസ് കോളേജിലേക്കുമുള്ള പ്രധാന റോഡുകൂടിയാണ് ഇത്.യോഗത്തിൽ യോഗത്തിൽ കോന്നി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, പഞ്ചായത്തംഗം ഉദയകുമാർ, സുധാകുമാർ, സുരേഷ് ചിറ്റിലക്കാട്, ഷാജികുമാർ, കെ.ടി.സതീഷ്,കെ.എസ് സുരേഷ്,തുഷാര ശ്രീകുമാർ,ഷിജു,ഹരികുമാർ,രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
-നിർമ്മാണച്ചെലവ് 15 ലക്ഷം രൂപ
-റോഡിന് ഇരുവശവും തണൽ മരങ്ങൾ