റാന്നി : പട്ടികജാതി വനിതയെ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതായി ആരോപണം. ചൊവ്വാഴ്ചയാണ് സംഭവം. കണിപറമ്പിൽ ഓമന സുധാകരനും സഹപ്രവർത്തകയും പെരുനാട് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് പി.എസ് മോഹനന് മുമ്പിലുള്ള കസേരയിൽ ഇരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ആരോട് ചോദിച്ചിട്ടാണ് കസേരയിൽ ഇരുന്നതെന്നും എഴുന്നേറ്റ് മാറണമെന്നും ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും പുറത്തിറക്കി വിടുകയും ചെയ്തത്രേ. അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ചൊവ്വാഴ്ച തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ കാണാൻ എത്തിയപ്പോഴാണ് സംഭവം. വാർഡ് മെമ്പർ അരുൺ അനിരുദ്ധും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് വേദനയുള്ളതിനാൽ അധിക സമയം നിൽക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഇരുന്നതെന്ന് ഓമന പറഞ്ഞു. തൊഴിലാളിക്ക് എന്റെ മുമ്പിൽ ഇരിക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് ചോദിച്ചാണ് പുറത്തിറക്കിവിട്ടത്. കക്കാട് 14-ാം വാർഡിലാണ് ഓമന. 13-ാം വാർഡ് മെമ്പറാണ് പി.എസ് മോഹനൻ. അതേസമയം ഓഫീസിലേക്ക് ഓമനയെ വിളിച്ചിട്ടില്ലെന്നും രമണി എന്നു പറയുന്നവർ തന്നോട് സംസാരിച്ചിരുന്നു. പരാതിക്കാരി അവിടെ നിൽക്കുന്നത് കണ്ടിരുന്നതായും മോഹൻ പറ‌ഞ്ഞു.