kiifb

അടൂർ: പരിമിതികളുടെ നടുവിൽ വീർപ്പുമുട്ടി പ്രവർത്തിച്ചുവരുന്ന അടൂർ ശ്രീ മൂലം മാർക്കറ്റ് അത്യാധുനിക രീതിയിൽ നവീകരിക്കുന്നു. ഇതിന് കിഫ്ബിയിൽ നിന്ന് 2.36 കോടി രൂപ അനുവദിച്ചു. വ്യവഹാര കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ഈ ചന്തയ്ക്ക് കച്ചേരിചന്തയെന്ന പേരുമുണ്ട്. ബുധൻ, ശനി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത്. അടൂർ നഗരസഭയുടെ അധീനതയിലുള്ള മാർക്കറ്റിന് മുമ്പിൽ റോഡിന് അഭിമുഖമായി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ച് വ്യാപാരികൾക്ക് വാടകയ്ക്ക് നൽകിയതൊഴിച്ചാൽ കാലാകാലങ്ങളിൽ വന്ന നഗരസഭ ഭരണാധികാരികളും അതിന് മുൻപുണ്ടായിരുന്ന പഞ്ചായത്ത് ഭരണാധികാരികളും മാർക്കറ്റ് നവീകരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. തറവാടക നൽകി കച്ചവടം നടത്തിവന്ന വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. മഴ പെയ്താൽ നനയാനായിരുന്നു കച്ചവടക്കാരുടെ വിധി. ചെളിക്കളത്തിലുടെ വേണം സാധനം വാങ്ങാനെത്താൻ.

മാർക്കറ്റ് നവീകരണത്തിനുള്ള വിശദമായ പ്രോജക്ട് നഗരസഭ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ കിഫ്ബിയുടെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയിരുന്നു. ഫെബ്രു.12 ന് ചേർന്ന കിഫ്ബി ബോർഡ് യോഗം ചേർന്നാണ് തുക അനുവദിച്ചത്. ചിറ്റയം ഗോപകുമാർ എം.എൽ.എയുടേയും നഗരസഭാ ചെയർമാൻ ഡി.സജിയുടേയും ശ്രമമാണ് നടപടി വേഗത്തിലാക്കിയത്. നിർമ്മാണ പ്രവർത്തനത്തിനുള്ള അനുമതി ലഭിച്ചതോടെ ശ്രീമൂലം മാർക്കറ്റിന് അത്യാധുനിക മുഖം കൈവരും. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി മാർക്കറ്റ് താൽക്കാലികമായി മാറ്റി സ്ഥാപിക്കേണ്ടി വരും. അടുത്തു ചേരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

ആകെ ചെലവ്: 2.36 കോടി. നിർമ്മാണ ഏജൻസി :

മത്സ്യഫെഡിന്റെ കീഴിലുള്ള തീരദേശ വികസന അതോററ്റി

നിർമ്മാണങ്ങൾ

* മാർക്കറ്റിന്റെ മൂന്ന് അതിരുകളിലുമായി 'സി' മാതൃകയിൽ

28 മുറികളോടു കൂടിയ കെട്ടിടം

* ആധുനിക മത്സ്യ - ഇറച്ചി സ്റ്റാൾ ഇവിടുത്തെ മാലിന്യം സംസ്കരിക്കുന്നതിന് സ്വീവേജ് പ്ലാന്റ്

* മാർക്കറ്റിന് നടുവിലുള്ള ആൽമരം നിലനിറുത്തി

മാർക്കറ്റിന് മേൽമറ, തറ പൂട്ടുകട്ട നിരത്തി മനോഹരമാക്കും

* ടോയ്ലെറ്റ് സംവിധാനം

പണം അനുവദിക്കുകയും നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ പ്രധാന തടസം നീങ്ങി. ഇനി സമയബന്ധിതമായി നിർമ്മാണം നടത്തി അത്യാധുനിക മാർക്കറ്റായി മാറ്റും.

ഡി. സജി,

ചെയർമാൻ, അടൂർ നഗരസഭ