
മൈലപ്ര: മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അവതരിപ്പിച്ചു. 7,66,73,000 രൂപ വരവും 7,66,17,500 രൂപ ചെലവും 9,23,377 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ബഡ്ജറ്റ് ലക്ഷ്യമിടുന്നു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലജീവൻ മിഷനുമായി ചേർന്ന് 10,00,000 രൂപ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. പാർപ്പിട പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനറൽ വിഭാഗത്തിൽ 28,01,200 രൂപയും പട്ടികജാതി വിഭാഗത്തിനായി 26,60,000 രൂപയും വകയിരുത്തിയിട്ടുണ്ട്. മറ്റ് ഭവന നിർമാണ പദ്ധതികൾക്കായി ഗണ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടികൾക്കായി 43,75,000 രൂപയ്ക്കുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. സമഗ്ര കാർഷിക വികസനം, ഭിന്ന ശേഷിക്കാർക്കുള്ള സ്‌കോളർഷിപ്പ് നൽകൽ, കൊവിഡ് പ്രതിരോധം, മണ്ണ് സംരക്ഷണം, ദുരന്ത നിവാരണം, യുവജന ക്ഷേമം, വനിതാ വികസനവും സമഗ്ര കാർഷിക വികസനവും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കാർഷിക വികസനം എന്നിവ ബഡ്ജറ്റ് ലക്ഷ്യമിടുന്നു.