omallur
കുടുംബശ്രീയുടെ യുവകേരളം വാഹന പ്രചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കുടുംബശ്രീയുടെ യുവകേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവര വിദ്യാഭ്യാസ ആശയം പങ്കു വയ്ക്കുന്ന വാഹന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. യുവകേരളം പദ്ധതിയിൽ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. യൂണിഫോം, പുസ്തകങ്ങൾ, മറ്റ് പഠനോപകരണങ്ങൾ, താമസം എന്നിവ സൗജന്യമായിരിക്കും. അക്കൗണ്ടിംഗ് മെഡിക്കൽ, സെയിൽസ്, മാർക്കറ്റിംഗ്, സോഫ്റ്റ്‌വെയർ, കൺസ്ട്രക്ഷൻ, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, ഫുഡ്ആൻഡ് ബിവറേജ്‌സ്/ ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഇലക്ട്രീഷ്യൻ / ടെക്‌നീഷ്യൻ എന്നീ മേഖലകളിലാണ് മികച്ച പഠനാന്തരീക്ഷവും പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാകുന്നത്. മൂന്നുമുതൽ 12 മാസം വരെ ദൈർഘ്യമുള്ള കോഴ്‌സുകളാണ് ഇത്തരത്തിൽ നടക്കുക. ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ലാബുകൾ, പ്രധാന വിഷയത്തിന് പുറമേ കമ്പ്യൂട്ടർ, ഇംഗ്ലീഷ്, വ്യക്തത്വ വികസനം എന്നിവയും പരിശീലനത്തിൽ ഉൾപ്പെടും. വാഹന പ്രചരണ പരിപാടി ഇന്നും നാളെയും നടക്കും. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എ. മണികണ്ഠൻ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാരായ എൽ.ഷീല,കെ.എച്ച്.സലീന, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.