കുമ്പനാട്: വേനൽ കടുത്തതോടെ കുമ്പനാട്ടും സമീപ പ്രദേശങ്ങളിലും രാപകൽ ഇല്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു. കുമ്പനാട് സബ്സ്റ്റേഷന് കീഴിൽ വരുന്ന പ്രദേശങ്ങളിലാണ് അടിക്കടി വൈദ്യുതി ഒളിച്ചു കളിക്കുന്നത്. കുമ്പനാട് ജംഗ്ഷൻ,കടപ്ര, കരീലമുക്ക്, നെല്ലിമല, കൊച്ചാലുംമൂട്, പുല്ലാട്, പുരയിടത്തിൻകാവ്, മുട്ടുമൺ, മുണ്ടമല, തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. ഈ മേഖലയിലെ ബാങ്കുകളുടെയും ചെറുതും വലുതുമായ നിരവധി ബേക്കറികൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെയും വർക്ക് ഷോപ്പുകളുടെയും പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ഭക്ഷണ സാധനങ്ങളും പാലും ഐസ്‌ക്രീം ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ച് ആയിരക്കണക്കിന് രൂപയുടെ നഷ്ടത്തിന്റെ കഥയാണ് ഇവിടുത്തെ ചെറുകിടക്കാരായ വ്യാപാരികൾക്ക് പറയാനുള്ളത്. ശീതികരിച്ച് സൂക്ഷിക്കേണ്ട പാൽ, തൈര്, ഐസ്‌ക്രീം ഉൾപ്പെടെയുള്ള സാധനങ്ങളുടെ കച്ചവടം നിറുത്തി വെയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ് ഒരു വിഭാഗം വ്യാപാരികൾ.
വിദ്യാർത്ഥികളും ദുരിതത്തിൽ
ഓൺലൈൻ ക്ലാസുകളും പരീക്ഷയും നടക്കുന്നതിനാൽ സ്‌കൂൾ വിദ്യാർത്ഥികളും ദുരിതത്തിലായിരിക്കുകയാണ്. പലപ്പോഴും കെ.എസ്.ഇബി.യുടെ കുമ്പനാട്ടുള്ള സെക്ഷൻ ഓഫീസിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. അടിക്കടി വൈദ്യുതി മുടങ്ങുന്നതും വോൾട്ടേജ് വ്യതിയാനം മൂലം ഈ സബ് സ്റ്റേഷനു പരിധിയിലുള്ള പല വീടുകളിലെയും ടിവി, ഫ്രിഡ്ജ്, ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കേടായി പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അടിക്കടി വൈദ്യുതി മുടങ്ങുന്നതിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. പവർകട്ടും വൈദ്യുതി തടസവും ഇല്ലാത്ത അഞ്ച് വർഷമെന്ന് കോടിക്കണക്കിന് രൂപ പൊതു ഖജനാവിൽ നിന്ന് മുടക്കി സർക്കാർ പ്രചരണം നടത്തുമ്പോഴാണ് ഈ നാട്ടിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നതെന്നത് ശ്രദ്ധയമാണ്. വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് കെ..എസ്..ഇബി ഓഫീസിലേക്ക് പൊതുജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി ബഹുജന മാർച്ചും ധർണയും നടത്തുമെന്ന് കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു.