പത്തനംതിട്ട : അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടതു പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാതെ ഭരണ കാലാവധി പൂർത്തിയാക്കുന്ന ഇടതു സർക്കാരിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ പറഞ്ഞു. കേരള എൻ.ജി.ഒ.സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അട്ടിമറിച്ച ഇടതു സർക്കാർ, ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന സർവീസ് വെയിറ്റേജ് ഇല്ലാതാക്കുകയും കൊവിഡ് പോരാളികളായ ജെ.എച്ച്.ഐ., ജെ.പി.എച്ച്. ഐ. ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പള സ്‌കെയിലുകൾ വെട്ടിച്ചുരുക്കി തട്ടിക്കൂട്ട് ശമ്പള പരിഷ്‌കരണം നടത്തി ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് എം.കെ. അരവിന്ദൻ, എൻ.ജി.ഒ. സംഘ് സംസ്ഥാന കൗൺസിൽ അംഗം എസ്.രാജേഷ്, ജില്ലാ സെക്രട്ടറി ജി.അനീഷ്, ജില്ലാ ട്രഷറർ എസ്. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.