dog
പരിക്കേറ്റ തെരുവ് നായെ പെട്ടിഓട്ടോയിൽ വച്ച് തന്നെ ഡോ. സായിപ്രസാദ് പരിശോധിക്കുന്നു.

അടൂർ : വാഹനം ഇടിച്ച് കുടൽമാല പുറത്തുചാടി ജീവനുവേണ്ടി പിടഞ്ഞ തെരുവ് നായയെ രക്ഷപ്പെടുത്താൻ മനസിൽ നന്മ വറ്റാത്ത ഒരു സംഘം ആളുകൾ നടത്തിയ ശ്രമം കാരുണ്യത്തിന്റെ കാഴ്ചയായി. ഇന്നലെ രാവിലെ ജനറൽ ആശുപത്രിക്ക് സമീപത്ത് മരണത്തോടു മല്ലടിച്ച് കിടന്ന നായയുടെ ദയനീയ കരച്ചിൽ കണ്ട് ഉള്ളു പിടഞ്ഞ് ആദ്യം എത്തിയത് സാംസ്കാരിക പ്രവർത്തകൻ സി.സുരേഷ് ബാബു ആയിരുന്നു. രക്ഷപ്പെടുത്താൻ വഴി തേടി സഹായത്തിനായി പലരെയും വിളിച്ചു. സ്ഥലത്തില്ലാതിരുന്ന നഗരസഭാ ചെയർമാൻ ഡി.സജി പെട്ടെന്ന് ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു. അവർ വന്നെങ്കിലും കാഴ്ചക്കാരായി നിന്നു മടങ്ങി. അപ്പോഴാണ് ദൈവദൂതരെ പോലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഫ്സലും അഖിലും അവിടെയെത്തിയത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പെട്ടിഓട്ടോയിൽ അവർ നായയെ മൃഗാശുപത്രിയിൽ എത്തിച്ചു.

ഡോ: സായി പ്രസാദിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി കുത്തിവയ്പ്പ് നടത്തി ഓപ്പറേഷൻ തിയേറ്ററിലേക്കു മാറ്റി, കുടൽ അകത്താക്കി സ്റ്റിച്ചിട്ടു. വിദഗ്ധ പരിചരണം വേണമെന്ന നിർദ്ദേശം സ്വീകരിച്ച ഉടൻ അഖിലും അഫ്സലും കൂടി മദർ തെരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസിൽ നായയുമായി കൊല്ലത്തേക്ക് പുറപ്പെട്ടു. അവിടെ 45 മിനിറ്റോളം ആരും തിരിഞ്ഞു നോക്കിയില്ലത്രെ. ഇവർ ബഹളം കൂട്ടിയതോടെ ഡോക്ടർ എത്തിയെങ്കിലും നായയെ രക്ഷിക്കാനായില്ല.