ചെങ്ങന്നൂർ: പാണ്ടനാട് വില്ലേജിൽ പ്രയാർ ഓലിക്കൻ വീട്ടിൽ കാമറാമാൻ കെ.ഒ ബിജുവിനെയും ഭാര്യ മഞ്ജുവിനെയും വീട്ടിൽകയറി ആക്രമിച്ച കേസിലെപ്രതി മൂത്തേടത്ത് ജോമോൻ പൊലീസിൽ കീഴടങ്ങി. മേൽ കോടതികൾ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ചെങ്ങന്നൂർ ഡി.വൈ.എസ്പി ഓഫീസിൽ കീഴടങ്ങിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളും പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തിയിരുന്നു. വീട്ടുമറ്റത്ത് ബിജുവിന്റെ ഭാര്യയും കുട്ടികളും പടക്കം പൊട്ടിച്ചതിനെ തുടർന്ന് 2020 ഡിസംബർ 23ന് രാത്രി 8ന് അയൽവാസി കൊച്ചുമോൻ വീട്ടിൽ അതിക്രമിച്ചുകയറി കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ മഞ്ജുവിന്റെ ഇടതു കൈയുടെ അസ്ഥിക്ക് പൊട്ടലും, ബിജുവിന്റെ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി കേസിൽ നിന്നും പിൻമാറണമെന്നും മൊഴി മറ്റി പറയണമെന്നും ആവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തുന്നതായി പൊലീസിൽ പരാതി നൽകിയതായും ബിജു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊവിഡ് സെന്ററിലേക്ക് മാറ്റി.