പത്തനംതിട്ട : ഓമല്ലൂർ , ഇലവുംതിട്ട, മുളക്കുഴ റോഡിന്റെ നിർമാണത്തിൽ അപാകതയും വൻ അഴിമതിയുമെന്ന് നാട്ടുകാർ. 11 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നതെങ്കിലും പലയിടത്തും ഒൻപതും എട്ടും വീതിയിലാണ് റോഡുകൾ പണിയുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. എല്ലാവരുടേയും സ്ഥലം ഉപയോഗിച്ചിട്ടും ഇല്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന റോഡ് നിർമ്മാണം 24 കോടി രൂപയുടെ പദ്ധതിയാണ്. 16.2 കിലോ മീറ്റർ ദൂരമാണ് വീതി കൂട്ടി ടാർ ചെയ്യുന്നത്. വളവുകളിൽ ഒൻപത് മീറ്റർ ദൂരമേയുള്ളുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുമ്പ് ഇത് ഉദ്യോഗസ്ഥരെ ചൂണ്ടികാണിച്ചിരുന്നു. ഇലവുംതിട്ട മുതൽ ആലുങ്കൽ വരെയുള്ള റോഡ് ടാർ ചെയ്ത് കഴിഞ്ഞു. ബാക്കിയുള്ളവ പെട്ടന്ന് തന്നെ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇപ്പോൾ ഓടപണിയാനാവശ്യമായ മെറ്റലും എടുത്തിട്ട മണലും മഴയത്ത് ചെളിക്കുളമാക്കുകയാണ്. റോഡിന്റെ നിർമാണത്തിലുള്ള അപാകത റോഡിന്റെ സുഗമമായ ഉപയോഗത്തിന് തടസമുണ്ടാക്കുകയാണ്. റോഡ് ഇളക്കി മാറ്രാതെയാണ് പണി നടത്തുന്നതെന്നും ആരോപണം ഉണ്ട്.

"വേഗം ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. പലയിടത്തും ഓടയുടെ പണികൾ പൂർത്തിയായിട്ടില്ല. റോഡ് പണി പലസ്ഥലത്തും വിവിധ വീതിയിലാണ് നിർമ്മിക്കുന്നത്. "

സാനു രാജൻ

(ജനകീയ സമിതിയംഗം)

"പരാതികൾ ഒന്നും ഇല്ല. 11 മീറ്റർ തന്നെയുണ്ട് എല്ലായിടത്തും. എത്രയും വേഗം പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. കിഫ്ബി പദ്ധതി വഴിയുള്ള റോഡ് നിർമ്മാണമാണ്. പണികൾ പുരോഗമിക്കുകയാണ്."

(പി.ഡബ്യൂ.ഡി അധികൃതർ)

-24 കോടിയുടെ പദ്ധതി

-11 മീറ്റർ വീതിയിൽ നി‌ർമ്മാണം