tt

പത്തനംതിട്ട: അടൂർ മുതൽ കഴക്കൂട്ടം വരെയുളള സംസ്ഥാനപാത വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) കേരള പൊലീസിന് 10 വാഹനങ്ങൾ കൈമാറി.

പദ്ധതിപ്രദേശം ഉൾപ്പെടുന്ന ഏനാത്ത്, പുത്തൂർ, ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകൾക്ക് ആറ് മഹീന്ദ്ര മരാസോ കാറുകളും അടൂർ, കൊട്ടാരക്കര, കിളിമാനൂർ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകൾക്ക് നാല് ബുളളറ്റ് മോട്ടോർസൈക്കിളുമാണ് അനുവദിച്ചത്. ട്രാഫിക് കോൺ, ഫ്‌ളഡ്‌ലൈറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ബ്രീത്ത് ആൽക്കോമീറ്റർ, ഹാൻഡ്‌ഹെൽഡ് റേഡിയോ, ബോഡി കാമറ, ലേസർസ്പീഡ് വീഡിയോ കാമറ തുടങ്ങി റോഡരികിലെ ഡ്യൂട്ടിക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഇതൊടൊപ്പം നൽകി.

സംസ്ഥാനപാതയിലെ ഈ
പ്രദേശത്ത് വാഹനാപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ച് മാതൃകാപാതയായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതിനായി അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അലക്ഷ്യവും അപകടകരവുമായ ഓവർടേക്കിംഗ്, റെയ്‌സിംഗ്, സിഗ്‌നൽ ലംഘനം, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുളള ഡ്രൈവിംഗ്, ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുളള പാർക്കിംഗ് തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസ് കർശനനടപടി സ്വീകരിക്കും.

സംസ്ഥാനപാതയിൽ വാഹനാപകടങ്ങളും മരണവും വർദ്ധിക്കുന്നത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് റിസർച്ച് ലബോറട്ടറി (ടി.ആർ.എൽ) നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിദ്ധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്റ്റേഷൻ തലത്തിൽ പദ്ധതി നടപ്പാക്കുന്നത്. ട്രാൻസ്‌പോർട്ട് റിസർച്ച് ലബോറട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയിൽ ഡ്യൂട്ടിക്കായി നിയോഗിക്കുക. മോട്ടോർവൈഹിക്കിൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്ക് ഉണ്ട്.

എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളുടെ മേൽനോട്ടം ട്രാഫിക് വിഭാഗം ഇൻസ്‌പെക്ടർ ജനറൽ നിർവ്വഹിക്കും. പദ്ധതിപ്രദേശം ഉൾപ്പെടുന്ന പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.

---------

പൊലീസിന് നൽകിയത്

10 വാഹനങ്ങൾ

. ട്രാഫിക് കോൺ

ഫ്‌ളഡ്‌ലൈറ്റ്

ബ്രീത്ത് ആൽക്കോമീറ്റർ

ഹാൻഡ്‌ഹെൽഡ് റേഡിയോ

ബോഡി കാമറ

ലേസർസ്പീഡ് വീഡിയോ കാമറ