
തണ്ണിത്തോട്: വിലയിടിവിൽ നിന്ന് റബർ രക്ഷപ്പെട്ടുതുടങ്ങിയതോടെ
കർഷകരുടെ നിരാശ മാറി. 2012 ൽ തുടങ്ങിയ റബർ വിലയുടെ പതനത്തിൽ നിന്ന് കരകയറാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു കർഷകർ. വിപണി വിലയേക്കാൾ ഉത്പ്പാദന ചെലവ് കൂടിയതോടെ പലരും റബർ കൃഷിയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയിരുന്നു. രാജ്യാന്തര വില ഉയർന്നതും ഉത്പ്പാദനക്കുറവും ഇപ്പോൾ ടയർ കമ്പനികളെ റബർ വില ഉയർത്തി വാങ്ങാൻ നിർബന്ധിതരാക്കി. അത്യാവശ്യക്കാരായ പല ടയർ കമ്പനികളും ഈ ആഴ്ച കിലോയ്ക്ക് 5 രൂപ വരെ വിലയുയർത്തിയാണ് റബർ വാങ്ങിയത്. രാജ്യാന്തര വില ഉയർന്നുനിൽക്കെ ഇറക്കുമതിക്കുള്ള സാദ്ധ്യത കുറവാണ്. ചൈന, ബാങ്കോക്ക്, ജപ്പാൻ വിപണികളിൽ വിലയുയർന്നതോടെയാണ് ടയർ കമ്പനികൾ വിലയുയർത്തി വാങ്ങാൻ നിർബന്ധിതരായത്. ഉത്പ്പാദനം കുറഞ്ഞാൽ ടയർ കമ്പനികൾക്ക് ഡിമാന്റ് കൂടും. റബറിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തറവിലയായ 170 രൂപ വരെ ഇത്തവണ വിലയെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട ടയർ കമ്പനികളും കിലോയ്ക്ക് 4.5 രൂപ വരെ വിലയുയർത്തിയാണ് റബർ വാങ്ങിയത്. വില ഉയരുന്നത് കണ്ട് ഇടനിലക്കാർ സ്റ്റോക്ക് വിൽക്കാനും വീണ്ടും റബർ വാങ്ങി സ്റ്റോക്ക് ചെയ്യാനും തുടങ്ങി. ലോക്ഡൗണിന് ശേഷം വാഹന വിപണിയിലുണ്ടായ മുന്നേറ്റവും റബറിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. ഇന്ത്യൻ വിപണിയിലേക്കുള്ള ഇറക്കുമതി കുറച്ചതും അനുകൂല ഘടകമായി . കഴിഞ്ഞ വാരാന്ത്യം ആർ.എസ്.എസ്. 4 ന് 158 രൂപയ്ക്ക് വ്യാപാരം നടന്നെങ്കിലും ചില ടയർ കമ്പനികൾ 159 നും വാങ്ങി. ഇന്നലെ ആർ.എസ്.എസ് 4 ന് 155 രൂപയും ആർ.എസ്.എസ് 5 ന് 150 രൂപയും ലഭിച്ചു. ഒട്ടുപാൽ 102 രൂപയ്ക്ക് വ്യാപാരം നടന്നു. വിലയുയർന്നതോടെ മലയോരത്തെ പല കർഷകരും വേനൽക്കാലത്ത് ടാപ്പിങ്ങ് നിറുത്തിയിട്ടുമില്ല. വിലയിടിവിനെ തുടർന്ന് ആവർത്തന കൃഷി നടത്താതെ കാടുപിടിച്ച തോട്ടങ്ങളിൽ ആവർത്തന കൃഷിയും, ടാപ്പിങ്ങ് നടത്താതെ വർഷങ്ങളായി കിടന്നിരുന്ന തോട്ടങ്ങളിൽ ടാപ്പിങ്ങും തുടങ്ങാനുള്ള ഒരുക്കത്തിലുമാണ് കർഷകർ.