26-pothali-nellikkal

പന്തളം: കരിങ്ങാലി പാടശേഖരത്തിലെ പോത്താലി, നെല്ലിക്കൽ പാടങ്ങളിൽ ഇത്തവണയും കർഷകർ കൃഷി ചെയ്തില്ല. നൂറ് ഏക്കറോളമുള്ള ഈ പാടശേഖരങ്ങൾ പതിനഞ്ച് വർഷത്തിലേറെയായി തരിശായി കിടക്കുകയാണ്. മുമ്പ് വൃശ്ചിക കാർത്തികയ്ക്ക് കൃഷി ഇറക്കി കാലവർഷം തുടങ്ങുന്നതിന് മുമ്പ് കൊയ്‌തെടുക്കുമായിരുന്നു.

ഇവിടെ കൃഷി മുടങ്ങുവാൻ കാരണം നെല്ലിക്കൽ ബണ്ട് പുനർനിർമ്മിച്ച് ചീപ്പ് സ്ഥാപിക്കാത്തതാണ്. പന്തളം നഗരസഭയിലെ 27, 28, 31 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് പാടശേഖരം. കൊഴംകൊല്ല മുതൽ നെല്ലിക്കൽ വലിയതോടു വരെയുള്ള ചാൽ ആഴം കൂട്ടുകയും, നൂറ്റിപ്പത്ത് മീറ്ററുള്ള പഴയ ബണ്ട് പുനർനിർമ്മിക്കുകയും, മദ്ധ്യഭാഗത്ത് പത്ത് മീറ്റർ വീതിയിൽചീപ്പ് സ്ഥാപിക്കുകയും ചെയ്താൽ വെള്ളം ആവശ്യമുള്ളപ്പോൾ ചാലിൽ നിന്ന് പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിക്കാനും വർഷകാലങ്ങളിൽ അധിക ജലം ചാലിലേക്ക് ഒഴുക്കിവിടാനും കഴിയും.

ബണ്ട് കം റോഡ് പുനർനിർമ്മിച്ചാൽ കൃഷിക്കാവശ്യമായ വിത്തും വളവും വാഹനങ്ങളിൽ എത്തിക്കാനും, കൊയ്ത്ത് മെതിയന്ത്രങ്ങൾ പടശേഖരത്തിൽ കൊണ്ടുവരുന്നതിനും സാധിക്കും. നാല്പത് വർഷം മുമ്പ് നിർമ്മിച്ച ബണ്ട് തകർന്നതോടെയാണ് ഇവിടെ കൃഷി നിലച്ചത്.

ഫലഭൂയിഷ്ടമായ മണ്ണാണ് ഈ പാടശേഖരങ്ങളിലേത്. അതിനാൽ കൃഷി ചെയ്താൽ നല്ല വിളവ് ലഭിക്കുകയും ചെയ്യും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കരിങ്ങാലി പാടശേഖരത്തിലെ പന്തളം നഗരസഭയിൽപ്പെട്ട ആയിരത്തിൽപരം ഏക്കറിൽ 700 ഏക്കറിൽ താഴെമാത്രമേ കൃഷി ചെയ്യുന്നുള്ളു. ബാക്കി തരിശാണ്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള ചിലർ നിലം ഉടമകളിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനാലാണ് തരിശ് നിലങ്ങൾ കുറഞ്ഞത്. നെല്ലിക്കൽ ബണ്ട് പുനർനിർമ്മിച്ചാൽ കർഷകർ കൃഷി ചെയ്യുമെന്ന് പോത്താലി നെല്ലിക്കൽ പാടശേഖര സമിതി പ്രസിഡന്റ് കെ.എസ്. നീലകണ്ഠൻ പറഞ്ഞു.