അയിരൂർ: ആരോഗ്യ സംരക്ഷണം, കൃഷി പുനരുജ്ജീവനം, ജൈവ വൈവിദ്ധ്യപാർക്ക് , സമ്പൂർണ പാർപ്പിട പദ്ധതി എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള അയിരൂർ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ അവതരിപ്പിച്ചു. 20.19 കോടി രൂപ വരവും 19.56 കോടി രൂപ ചെലവും 63.11 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പ്രളയത്തിൽ നശിച്ച നദീതീരങ്ങളുടെ സംരക്ഷണം, ടൂറിസം, ജൈവ വൈവിദ്ധ്യം , ശബരിമല തീർത്ഥാടകരുടെ വിശ്രമ കേന്ദ്രം , വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ, ശുചിത്വം മാലിന്യ സംസ്‌കരണം, കൃഷി, സ്മാർട്ട് സ്‌കൂൾ നിർമാണം,സ്‌റ്റേഡിയം,വാട്ടർ സ്റ്റേഡിയം എന്നിവയ്ക്ക് മാസ്റ്റർ പ്ലാൻ തയാറാക്കൽ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകും. ജൈവ വൈവിദ്ധ്യപാർക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ, ബഡ് സ്‌കൂളിന് 10ലക്ഷം, തരിശു രഹിത പാടങ്ങളിൽ നെൽക്കൃഷി ചെയ്യുന്നതിന് നാല് ലക്ഷം, വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിന് 10 ലക്ഷം, പാർപ്പിട പദ്ധതിക്ക് 1.20 കോടി, കുടിവെള്ള വിതരണത്തിന്റെ ഭാഗമായുള്ള ജല ജീവൻ പദ്ധതിക്ക് 3.50 ലക്ഷം രൂപ, മൊബൈൽ ശ്മശാനത്തിന് മൂന്ന് ലക്ഷം രൂപ എന്നിവ വക കൊള്ളിച്ചു. അയിരൂരിൽ വഞ്ചിപ്പാട്ട് കളരി ആരംഭിക്കാനും തീരുമാനിച്ചു. പട്ടിക ജാതി, പട്ടിക വർഗക്ഷേമ പദ്ധതികൾക്ക് മുന്തിയ പരിഗണന നൽകും. പഞ്ചായത്ത് പ്രസിഡന്റ് അനിതാ ക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.