
പത്തനംതിട്ട- ആറന്മുള എഴിക്കാട് കോളനിയിലെ ഓരോരുത്തർക്കും സാമൂഹ്യ നീതിയോടൊപ്പം സാമ്പത്തിക നീതിയും ഉറപ്പാക്കുമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. അംബേദ്ക്കർ ഗ്രാമവികസന പദ്ധതി പ്രകാരം നിർമിച്ച എഴിക്കാട് കോളനിയിലെ സിന്തറ്റിക് വോളിബാൾ ആൻഡ് ബാഡ്മിന്റൺ കോർട്ട്, ഗാലറി, ഓപ്പൺഎയർ ഓഡിറ്റോറിയം, ലൈബ്രറി ആൻഡ് റീഡിംഗ് റൂം എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഓരോ വീട്ടിലും കൃത്യമായ വരുമാനമുള്ള ഒരാൾ ഉണ്ടാകണം. ചെയ്യുന്ന ജോലിക്ക് കൂലി ഉണ്ടാകണം. കോളനിയിലെ പൊതുപരിപാടികൾ നടത്തുന്നതിനായി വേദി നിർമിച്ചിരിക്കുകയാണ്. അംബേദ്ക്കർ ഗ്രാമപദ്ധതിയിൽ ആദ്യം തിരഞ്ഞെടുത്ത കോളനിയാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോളനിയാണ് എഴിക്കാട്. എഴിക്കാട് കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ നവീകരിക്കുന്നതിനായി 38 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള വികസനപ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന വികസന പദ്ധതിയായ അംബേദ്കർ ഗ്രാമവികസന പദ്ധതി 201617 പ്രകാരം തിരഞ്ഞെടുത്ത ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ജോജി, ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ രാജേന്ദ്രൻ, വാർഡ് മെമ്പർമാരായ വി.കെ. ബാബുരാജ്, ശ്രീനി ചാണ്ടിശേരി, ബിജു വർണശാല, വിൽസി ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ.രഘു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ജി.എസ്. ബിജി, പിവി. സതീഷ് കുമാർ, സത്യവ്രതൻ തുടങ്ങിയവർ പങ്കെടുത്തു.