തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവം ഇന്നലെ കൊടിയിറങ്ങി. കൊവിഡ് ചട്ടങ്ങൾ പാലിച്ച് ചടങ്ങുകളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൊടിയിറക്കിയ ശേഷം ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയിലൂടെ സഞ്ചരിച്ച് ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ആറാട്ടിനായി എഴുന്നെള്ളി. കുട്ടിക്കൊമ്പൻ ജയരാജനാണ് ശ്രീവല്ലഭ സ്വാമിയുടെ തിടമ്പേറ്റിയത്. സുദർശന മൂർത്തിയുടെ തിടമ്പേറ്റിയത് കരിവീരൻ ചൂരൂര് മഠം രാജശേഖരനാണ്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് ക്ഷേത്രത്തിന് മുന്നിലെ പുത്തൻകുളത്തിലാണ് ആചാരപ്രകാരം ആറാട്ട് ചടങ്ങുകൾ നടന്നത്. ആറാട്ടുകടവിൽ ശ്രീവല്ലഭ സ്വാമിക്കും സുദർശന മൂർത്തിക്കും ദീപാരാധനയും നൈവേദ്യവും നടത്തി. തിരിച്ച്, ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചും തിരുമുറ്റത്ത് ആറാട്ടുവരവുസേവയും വലിയ കാണിക്കയും തിരുമുൻപിൽ വേലയും കർപ്പൂരാരാധനയും നടന്നു. ഇവിടെ ഭക്തജനങ്ങൾ ആറാട്ടുവരവു പറയിട്ടു. കരിമരുന്ന് കലാപ്രകടനവും സന്താനഗോപാലം കഥകളിയും അരങ്ങേറി. എൻ.ജെ.നന്ദിനിയുടെ സംഗീതസദസ് ഉണ്ടായിരുന്നു. ശ്രീകോവിലിൽ എഴുന്നെള്ളിച്ച് പള്ളിക്കുറുപ്പുകൊള്ളുന്നതോടെ തിരുവുത്സവ ചടങ്ങുകൾക്ക് സമാപനമായി.