
ആറന്മുള: കഴിഞ്ഞ പ്രളയത്തിൽ തകർന്ന ആറൻമുള പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് പുനർജനി. കോഴഞ്ചേരി - ചെങ്ങന്നൂർ റോഡിൽ പഴയ കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
3 കോടി രൂപ ചെലവിൽ 3 നിലകളിൽ 9100 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം പണിയുന്നത്.
താഴത്തെ നിലയിൽ വാഹന പാർക്കിങ് സൗകര്യവും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള വിശ്രമ മുറികളും ഉണ്ടാകും. ഒന്നും രണ്ടും നിലകളിലായി റിസപ്ഷൻ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, എസ്.എച്ച്.ഒ യുടെ ഓഫീസ്, കോൺഫറൻസ് ഹാൾ, ശുചി മുറികൾ, വയർലെസ് മുറി, ആയുധപ്പുര, റെക്കോർഡ്‌സ് മുറി, പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രം, ഡൈനിങ് ഹാൾ, അടുക്കള എന്നീ സൗകര്യങ്ങളും ഉണ്ടാകും.
പുരുഷ വനിതാ ലോക്കപ്പുകൾ, ലൈബ്രറി, ഫസ്റ്റ് എയ്ഡ് മുറി, ജിംനേഷ്യം എന്നിവയും ഉണ്ടാകും.
പ്രളയഭീഷണിയെ മറികടക്കാൻ കെട്ടിടം ബീമുകളിൽ ഉയർത്തിയാണ് നിർമ്മിക്കുന്നത്. 2018ലെ പ്രളയത്തിൽ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം പൂർണമായും വെള്ളത്തിൽ മുങ്ങി നശിച്ചിരുന്നു. കേസ് ഫയലുകൾ ഉൾപ്പെടെയുള്ളവ നഷ്ടപ്പെടുകയും ചെയ്തു.