construction
തിരുവല്ല കിഴക്കൻ മുത്തൂർ -മുത്തൂർ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയപ്പോൾ

തിരുവല്ല: ഉന്നതനിലവാരത്തിൽ പുനർനിർമിക്കുന്ന മുത്തൂർ - കിഴക്കൻ മുത്തൂർ റോഡിന്റെ പണികൾ തുടങ്ങി. തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡായ കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡ് നിർമാണത്തിന്റെ തുടർച്ചയായാണ് അവസാന റീച്ചായ മുത്തൂർ റോഡും വികസിപ്പിക്കുന്നത്. ഈമാസം ആദ്യം തുടങ്ങിയ സർവേ ജോലികൾ പൂർത്തിയാക്കിയാണ് നിർമാണം ആരംഭിച്ചത്. നിലവിൽ ഏഴര മുതൽ എട്ടര മീറ്റർ വരെ വീതിയുളള റോഡ് 10 മീറ്ററായി വികസിപ്പിക്കും. റോഡ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകുന്നവരുടെ മതിലുകൾ പൊളിക്കുമ്പോൾ തന്നെ അവ പുനർനിർമിച്ചു നൽകും. കരിങ്കൽ കൊണ്ട് അടിത്തറ നിർമിച്ച് സോളിഡ് സിമന്റ് കട്ട ഉപയോഗിച്ച് നിർമിച്ച് പ്ലാസ്റ്ററിംഗ്‌ ചെയ്തു കൊടുക്കുവാൻ ധാരണയായിട്ടുണ്ട്. കുറ്റൂർ മുതൽ കിഴക്കൻമുത്തൂർ വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ഇവിടെ റോഡ് വികസനത്തിന് ഭൂഉടമകൾ സ്ഥലം സൗജന്യമായി വിട്ടുനൽകി മാതൃകയായിരുന്നു. റിംഗ് റോഡിന്റെ അവസാനഭാഗമായ കിഴക്കൻമുത്തൂർ ഭാഗം കൂടി പൂർത്തിയാകുന്നതോടെ എം.സി റോഡിന് സമാന്തരമായി നഗരത്തിന്റെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് തിരുവല്ല നഗരത്തിലെ തിരക്കിലകപ്പെടാതെ കുറ്റൂരിൽ നിന്ന് മുത്തൂരിൽ എത്താൻ സാധിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 24കോടി രൂപ ചെലവഴിച്ച് പാലാത്ര കൺസ്ട്രക്ഷൻസാണ് റോഡ് പുനർനിർമിക്കുന്നത്.

സ്ഥലം കിട്ടിയാൽ പണി ഉടൻ


കിഴക്കൻമുത്തൂർ മുതൽ മുത്തൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുപതിലധികം പേർ സ്ഥലം വിട്ടുനൽകിയതോടെയാണ് നിർമാണം തുടങ്ങിയത്. പകുതിയോളം കുടുംബങ്ങൾ ഭൂമി നൽകാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. 3.5 കിലോമീറ്റർ നീളത്തിലാണ് ഇവിടെ റോഡ് വികസിപ്പിക്കേണ്ടത്. റിംഗ് റോഡിന്റെ കുറ്റൂർ മുതൽ കിഴക്കൻമുത്തൂർ വരെ ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കി. 9 കിലോമീറ്റർ ദൂരമുള്ള ഈഭാഗത്ത് അഞ്ഞൂറിലധികം കുടുംബങ്ങളാണ് സ്വമേധയാ റോഡ് നിർമാണത്തിന് സ്ഥലം സൗജന്യമായി വിട്ടുനൽകി മാതൃകയായത്. ഇതേരീതിയിൽ സ്ഥലം വേഗത്തിൽ ലഭിച്ചാൽ വേനൽക്കാലത്ത് തന്നെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

--------------

റോഡ് 10 മീറ്ററായി വികസിപ്പിക്കും

24കോടി ചെലവിൽ നിർമാണം