കോന്നി: ചി​റ്റാർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി. 37.16 കോടി രൂപ ചെലവിൽ ജലജീവൻ മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്.സ്ഥലം സ്വകാര്യവ്യക്തി സൗജനമ്യയി നൽകി.

2870 കുടുംബങ്ങൾക്കാണ് പുതുതായി ഈ പദ്ധതിയിൽനിന്ന് കുടിവെള്ള കണക്ഷൻ ലഭിക്കുക. പാമ്പിനിയിൽ നിലവിലുള്ള കിണറിൽനിന്നാണ് വെള്ളമെടുക്കുക. ആറാട്ടുകുടുക്കയിൽ സ്ഥാപിക്കുന്ന അഞ്ച് ദശലക്ഷം ലി​റ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കും. തുടർന്ന്, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണിയിൽ വെള്ളമെത്തിച്ച് അവിടെനിന്നാണ് ജലവിതരണം നടത്തുക.
കമ്പകത്തുപാറ, മീൻകുഴി, കുളങ്ങര വാലി, തേരകത്തുമണ്ണ്, പുലയൻപാറ, മൺപിലാവ്, നീലിപിലാവ്, കട്ടച്ചിറ, തെക്കേക്കര, കൊടുമുടി എന്നിവിടങ്ങളിലാണ് ജലസംഭരണികൾ സ്ഥാപിക്കുന്നത്. ഇതിൽ 14.25 ലക്ഷം ലി​റ്റർ വെള്ളം സംഭരിക്കാനാവും. പദ്ധതിയുടെ ഭാഗമായി 34.80 കിലോമീ​റ്റർ ദൈർഘ്യത്തിൽ പമ്പിംഗ് മെയ്‌നുകളും 100 കിലോമീ​റ്റർ ദൈർഘ്യത്തിൽ വിതരണ ശൃംഖലയും സ്ഥാപിക്കും. ആറാട്ടുകുടുക്കയിൽ ജലശുദ്ധീകരണശാല നിർമിക്കുന്നതിനായി 70 സെന്റ് സ്ഥലം വിദേശമലയാളിയും വ്യവസായിയുമായ വർഗീസ് കുര്യനാണ് നൽകിയത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചിറ്റാറിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന്

കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

വേനൽ സമയങ്ങളിൽ ഇവിടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമായിരുന്നു. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് ജലവിതരണം നടപ്പിലാക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.