റാന്നി: കൊവിഡ് പോലുള്ള മഹാമാരികളെ നേരിടാൻ മനസ് ശക്തിയാർജിക്കേണ്ടത് ആദ്ധ്യാത്മിക അടിത്തറയിൽ നിന്നാണെന്ന് ശിവഗിരിമഠം ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. 26ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് വന്ന് മരിക്കുമോ എന്നാണ് എല്ലാവരുടെയും ഭയം. കേരളത്തിലാണ് കൊവിഡ് ഏറ്റവും കൂടതൽ ഉള്ളതും. 133 വർഷങ്ങൾക്ക് മുൻപേ ശ്രീനാരായണ ഗുരുദേവൻ മഹാമാരികളെ നേരിടാനുള്ള ഉപായം പറഞ്ഞു തന്നിരുന്നു. എന്നാൽ, സംഘടിച്ച് നാം ശക്തരായതല്ലാതെ ഗുരുദേവൻ പറഞ്ഞപോലെ വിദ്യകൊണ്ട് പ്രബുദ്ധരായില്ല. ഗുരുധർമ്മത്തെ മനസിലാക്കാതെ പോകുന്നതുകൊണ്ടാണ് ദുരവസ്ഥയുണ്ടാകുന്നത്. വിദ്യയിൽ നിന്ന് ആർജിക്കുന്ന ഉൗർജത്താലാണ് നാം പ്രതിസന്ധികളെ മറികടക്കേണ്ടത്. കുഞ്ഞുങ്ങളെ സംസ്കാര സമ്പന്നരും ശുചിത്വ ബോധമുള്ളവരുമായി വളർത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് സ്വാമി പറഞ്ഞു.
മതേതരത്വം പറയുമ്പോഴും ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം നടക്കുകയാണ്. ഇതിനെ ഇല്ലാതാക്കേണ്ടത് ശ്രീനാരായണീയരുടെ ഉത്തരവാദിത്വമാണ്. ഗുരു വെട്ടിത്തെളിച്ച അറിവിന്റെ വഴിയിലൂടെ പോകാൻ കഴിയണം. അതിന് വേണ്ടത് മാനസികമായ പരിവർത്തനമാണ്. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുരുധർമ്മം ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന് സ്വാമി ആഹ്വാനം ചെയ്തു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പ്രചരിപ്പിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു. കുടുംബ പ്രാർത്ഥനകൾ സജീവമാക്കണം. ദൈവദശകം വായിക്കാൻ കുട്ടികളെ പഠിപ്പിക്കണം. വീടുകളിൽ ദിവസേന ഗുരുദേവ കൃതികൾ വായിക്കണമെന്നും എം.ബി ശ്രീകുമാർ പറഞ്ഞു.
റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ ആമുഖ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.എൻ. മധുസൂദനൻ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുമാർ, പി.കെ ലളിതമ്മ, വനിതാ സംഘം കൺവീനർ ലിഞ്ചുസജി, യൂത്ത് മൂവ്മെന്റ് കൺവീനർ അജേഷ് അജയൻ, പത്തനംതിട്ട യൂണിയൻ കൗൺസിലർമാരായ ഡി.സജിനാഥ്, രണേഷ്, ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് സി.എസ്.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
കൊവിഡ് മാനദണ്ഡം പാലിച്ച് കൺവെൻഷനിലേക്ക് പരമാവധി 200 പേർക്കാണ് പ്രവേശനം. പരിപാടികൾ ഒാൺലൈനായും ലഭ്യമാണ്.
രാവിലെ 7ന് ഭാഗവത പാരായണം. 8ന് പ്രാർത്ഥന. 9ന് ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന. 10.30ന് പഠന ക്ളാസ്, ജീവിതാനുഭവമാകുന്ന ഗുരുദർശനം - ഡോ. എം.വി ദേവൻ (കാലടി ശ്രീശങ്കരാചാര്യ സർവകലാശാല). അദ്ധ്യക്ഷൻ പി.എൻ വിജയൻ (റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം). ഉച്ചയ്ക്ക് 2ന് പഠന ക്ളാസ്, നാം ശരീരമല്ല, അറിവാകുന്നു - അനൂപ് വൈക്കം. അദ്ധ്യക്ഷൻ കെ. ബി മോഹനൻ (റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം). വൈകിട്ട് 5ന് ഗുരുപുഷ്പാഞ്ജലി, ദീപാരാധന, പ്രാർത്ഥന.
മാടമൺ ശ്രീനാരായണ കൺവെൻഷൻ നാളെ സമാപിക്കും. ഉച്ചയ്ക്ക് 12ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, രാജു ഏബ്രഹാം, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, റാന്നി യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാർ, ജനറൽ കൺവീനർ പി.എൻ. ചന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിക്കും.