
പത്തനംതിട്ട: തിരഞ്ഞെടുപ്പിന് ജില്ലയും സജ്ജമായി. തീയതി ഇന്നലെയാണ് പ്രഖ്യാപിച്ചതെങ്കിലും ശക്തരായ മൂന്ന് മുന്നണികളും ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി അടിത്തറ ഒരുക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെ യാത്രകൾ അണികളെ ഉണർത്തി. ബി.ജെ.പിയുടെ ജാഥ മാർച്ച് നാലിന് എത്തും.
തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പകൾ ഏറെക്കുറെ പൂർത്തിയായെന്ന് പ്രധാന പാർട്ടികളുടെ നേതാക്കൾ പറയുന്നു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി പ്രചാരണത്തിൽ മുന്നേറാൻ മൂന്ന് മുന്നണികളും കച്ചകെട്ടിയിട്ടുണ്ട്.
ഇത്തവണ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും നിലനിറുത്തുമെന്നാണ് ഇടതു മുന്നണിയുടെ അവകാശവാദം. അതേസമയം, ജില്ലയെ പഴയ യു.ഡി.എഫ് കോട്ടയായി തിരിച്ചുപിടിക്കുമെന്ന് മുന്നണി നേതാക്കൾ പറയുന്നു. ഇത്തവണ ജില്ലയിൽ നിന്ന് ഒന്നിലധികം എം.എൽ.എമാർ തങ്ങൾക്കുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ നേതാക്കൾ.
'' എൽ.ഡി.എഫ് ആവർത്തിക്കുമെന്നാണ് എതിരാളികളും പറയുന്നത്. അഞ്ച് മണ്ഡലങ്ങളിലും ജയം സുനിശ്ചിതമാവുന്ന തരത്തിൽ രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്.
കെ. അനന്തഗോപൻ,
സി.പി.എം സംസ്ഥാന സമിതിയംഗം.
'' ജില്ലയുടെ ചരിത്രം യു. ഡി.എഫിനോട് ചേർന്ന് നിൽക്കുന്നതാണ്. ആ പാരമ്പര്യം ഇത്തവണ തിരികെ എത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്. വിജയം താത്കാലികമാണ് .
ബാബു ജോർജ്, ഡി.സി.സി. പ്രസിഡന്റ്
'' തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആത്മവിശ്വാസം കൂട്ടുന്നു. ഇരുമുന്നണികൾക്കും എതിരെ ഉള്ള ജനവിധിയാണ് വരാൻ പോകുന്നത്.
അശോകൻ കുളനട
ബി.ജെ.പി. ജില്ലാ പ്രസിഡന്റ്