കലഞ്ഞൂർ: മുറിഞ്ഞകൽ - അതിരുങ്കൽ - പുന്നമൂട് - രാജഗിരി റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി15 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.
14.53 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് നിർമാണം നടത്തുന്നത്. ചെറിയ പാലങ്ങൾ പുനർനിർമിക്കുക, സംരക്ഷണഭിത്തി നിർമിക്കുക, ട്രാഫിക് സേ്ഫ്ടി വർക്ക് നടത്തുക തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്.
കാരയ്ക്കാകുഴി, ഇരുതോട് എന്നീ രണ്ട് ചെറിയ പാലങ്ങളാണ് പുനർനിർമിക്കാനുള്ളത്. ഇവ ബ്രട്ടീഷുകാരുടെ കാലത്ത് നിർമിക്കപ്പെട്ടിട്ടുള്ളവയാണ്.ഈ രണ്ട് പാലങ്ങളും ട്വിൻബോക്‌സ് കൾവർട്ടായി പുതുക്കി നിർമിക്കും.
കലഞ്ഞൂർ പഞ്ചായത്തിന്റെയും, അരുവാപ്പുലം പഞ്ചായത്തിന്റെയും വികസനത്തിൽ വളരെയധികം പ്രധാനപ്പെട്ട റോഡാണിത്. 22 കോടി രൂപ മുടക്കി നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഇളമണ്ണൂർ പാടം റോഡിലേക്കും ഈ റോഡുവഴി എത്തിച്ചേരാൻ കഴിയും.