തിരുവല്ല: തോടുകളും പുഴകളും ഉൾപ്പെടെയുള്ള ജലസ്രോതസ് വീണ്ടെടുക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതി പ്രകാരം ഇരവിപേരൂർ പഞ്ചായത്തിലെ പാടത്തുചാൽ നവീകരണത്തിന്റെ മൂന്നാംഘട്ടത്തിന് തുടക്കമായി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വള്ളംകുളം പാടത്തുചാൽ നവീകരണ പ്രവർത്തനങ്ങളുടെ തുടർഘട്ടം വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ കൂടി ഉൾപ്പെടുത്തിയാണ് നവീകരണം നടക്കുന്നത്. കരിമ്പും നെൽക്കൃഷിയും മുമ്പ് കൃഷി ചെയ്തിരുന്ന പാടങ്ങൾ നീരൊഴുക്ക് നിലച്ചതിനാൽ തരിശ് പാടങ്ങളായി മാറിയിരുന്നു. ഇതിനിടെ സ്വകാര്യവ്യക്തി ചാലിന് കുറുകെ കെട്ടിയ കോൺക്രീറ്റ് മതിലും അനധികൃത കൈയേറ്റവും തോടിന്റെ നിരൊഴുക്ക് നിലയ്ക്കാനും കാരണമായി. ഇവ നീക്കം ചെയ്ത് ചാലിന്റെയും തോടിന്റെയും പൂർണമായ നീരൊഴുക്ക് സാദ്ധ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ബ്ലോക്ക് മെമ്പർമാരായ എലിസബത്ത് തോമസ്, രാജീവ് എൻ.എസ്, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയമ്മ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആർ.ജയശ്രി , അമ്മിണി ചാക്കോ,അമിത രാജേഷ്,ത്രേസിയാമ്മ കുരുവിള,പ്രിയ വർഗീസ്,സാലി ജേക്കബ്, ജിൻസൺ ജിന്‌സേൺ വർഗീസ്, സെക്രട്ടറി സുജാകുമാരി എസ് എന്നിവർ പങ്കെടുത്തു.