ksrtc

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ബസ് സർവീസിന്റെ കാര്യത്തിൽ തീരുമാനമായില്ല. മണ്ണെടുത്ത് നിരപ്പാക്കിയെങ്കിലും യാർഡിന്റെ പണി ആരംഭിച്ചിട്ടില്ല. ഓഫീസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചതൊഴിച്ചാൽ ബസ് സർവീസിനുള്ള സൗകര്യമായില്ല. പൊടിനിറഞ്ഞ യാർഡിൽ ബസ് സർവീസ് നടത്തുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. നടന്നുപോകാൻ പോലും കഴിയാത്ത രീതിയിലാണ് ഇവിടെ പൊടി നിറഞ്ഞിരിക്കുന്നത്. മണ്ണിൽ വെള്ളം തളിച്ച ശേഷമാണ് യാർഡിൽ ഉള്ളവർ ജോലി ചെയ്യുന്നത്.

പണി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മാത്രമാണ് അധികൃതർ പറയുന്നത്. പണി ഇടക്കാലത്തെ പോലെ വീണ്ടും ഇഴയുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന്റെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. ബാക്കിപ്പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഇതിന്റെ താഴത്തെ നിലയിലെ അറ്റകുറ്റപ്പണികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.

2009 ലെ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മാത്യു ടി. തോമസ് ഗതാഗത വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് തിരുവല്ലയിലും പത്തനംതിട്ടയിലും കെ.എസ്.ആർ.ടി.സി സമുച്ചയം അനുവദിച്ചത്. 2015 ൽ തറക്കല്ലിട്ട് നിർമാണം ആരംഭിച്ചു. കരാറുകാരുമായുള്ള തർക്കം കാരണം ഇടയ്ക്ക് വച്ച് പണി നിറുത്തി വച്ചതാണ് പത്തനംതിട്ടയിൽ തടസ്സമായത്