 
പത്തനംതിട്ട : പ്രളയത്തിൽ വീട് തകർന്ന ജില്ലയിലെ 48 കുടുംബങ്ങൾക്ക് റീബിൽഡ് കേരള മിഷന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ നിർമാണം നടത്തിക്കൊണ്ടിരിക്കുന്നതിൽ പൂർത്തിയാക്കിയ 23 വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറി. ചിറ്റാർ, മെഴുവേലി, കടമ്പനാട് എന്നിവിടങ്ങളിൽ നിർമിച്ച 23 വീടുകളാണ് ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി കൈമാറ്റം ചെയ്തതായി പ്രഖ്യാപിച്ചത്. സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്തിനു പുറമെ ചിറ്റാറിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വാങ്ങി നൽകിയ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചത്.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ തോമസ് ജോൺ മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഹെഡ് ഡോ.പ്രശാന്ത്കുമാർ നെല്ലിക്കൽ, മുത്തൂറ്റ് ഫിൻകോർപ്പ് വിപി ആൻഡ് ബിസിനസ് ഹെഡ് (സൗത്ത് ഇന്ത്യ) മനോജ് രവി തുടങ്ങിയവർ പങ്കെടുത്തു.
4.88 കോടിയുടെ പദ്ധതി
ആകെ 4.88 കോടി രൂപയാണ് പദ്ധതിക്കായി ഫൗണ്ടേഷൻ ചെലവിടുന്നത്. സംസ്ഥാന സർക്കാരാണ് വീടുകൾ ആവശ്യമുള്ളവരെ തെരഞ്ഞെടുത്തത്. 48 വീടുകളാണ് നിർമ്മിക്കുന്നത്. 25 വീടുകൾ കടപ്ര, അയിരൂർ എന്നീ സ്ഥലങ്ങളിൽ നിർമാണം പുരോഗമിക്കുകയാണ്. മെഴുവേലി, കടമ്പനാട്, കടപ്ര, അയിരൂർ എന്നിവടിങ്ങളിൽ വീടു വയ്ക്കാനുള്ള സ്ഥലങ്ങൾ കേരള സർക്കാർ നൽകിയപ്പോൾ ചിറ്റാറിൽ വീടു വച്ച സ്ഥലവും മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ വാങ്ങി നൽകുകയായിരുന്നു.