cpi-pta

പത്തനംതിട്ട: ജനക്ഷേമ പ്രവർത്തനങ്ങളുമായി അഞ്ച് വർഷം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നവീകരിച്ച സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ നിർമിച്ച എം സുകുമാരപിള്ള ഹാളിന്റെ സമർപ്പണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരും പ്രതിപക്ഷവും സർക്കാരിനെതിരായി ഒരുമിച്ചുള്ള വിമർശനമാണ് ഉയർത്തുന്നത്. ഇത്തരം വിമർശനങ്ങളെ ജനങ്ങളോടൊപ്പം നിന്ന് പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ജനക്ഷേമകരമായ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് പ്രവർത്തിച്ച സർക്കാരാണിത്. ജനങ്ങളിലുള്ള വിശ്വാസം ഇനിയും ആർജ്ജിച്ച് മുന്നേറും. നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ നടത്തിയ പരിശ്രമങ്ങൾ ജനങ്ങളിൽ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് തദ്ദേശ തിരഞ്ഞടുപ്പിൽ പ്രതിഫലിച്ചത്. ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുള്ള പ്രവർത്തനത്തിലൂടെ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കും. സർക്കാർ നടത്തിയ വികസനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ചാൽ അനുകൂലമായി ചിന്തിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ ആർ ചന്ദ്രമോഹൻ, പി. പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം വി വിദ്യാധരൻ, ചിറ്റയം ഗോപകുമാർ എം.എൽ.എ, മലയാലപ്പുഴ ശശി, ഡി.സജി എന്നിവർ പ്രസംഗിച്ചു.