election

കാൽ നൂറ്റാണ്ടായി ഇടതിനൊപ്പം ചേർന്നുളള യാത്രയിലാണ് റാന്നി. 1996 മുതൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമനസ്. ഒരേ ഒരാളെത്തന്നെ തുടർച്ചയായി തിരഞ്ഞെടുത്ത് നിയമസഭയ്ക്ക് അയയ്ക്കുന്നു. സി.പി.എമ്മിലെ രാജു ഏബ്രഹാമാണ് ആ റാന്നിക്കാരൻ. ജില്ലയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയിട്ടുള്ള രണ്ടാമനും. 34 വർഷം എം.എൽ.എയായിരുന്ന കെ.കെ.നായരാണ് ഒന്നാമൻ.

ഇത്തവണ കേരള കോൺഗ്രസ് മാണി വിഭാഗം റാന്നി സീറ്റ് ചോദിച്ചിരിക്കുകയാണ്. എന്നാൽ, ജനപ്രിയ സ്ഥാനാർത്ഥിയുണ്ടെങ്കിൽ മാത്രം സീറ്റ് വിട്ടുകൊടുത്താൽ മതിയെന്നാണ് സി.പി.എം നിലപാട്. മാണി വിഭാഗത്തിൽ നിന്ന് ൽ ഉയർന്നു കേൾക്കുന്ന പേര് ജില്ലാ പ്രസിഡന്റ് എൻ.എം.രാജുവിന്റേതാണ്. ഇദ്ദേഹത്തെ സി.പി.എം അംഗീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

റാന്നി സി.പി.എം തന്നെ കൈവശം വച്ചാൽ രാജു ഏബ്രഹാമിനെ തന്നെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. അദ്ദേഹത്തെപ്പോലെ സ്വീകാര്യനായ മറ്റൊരു മുഖമില്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി ഏരിയ സെക്രട്ടറി റോഷൻ റോയി മാത്യുവിന്റെ പേര് ഉയർന്നു വന്നിരുന്നു. പിന്നീട് അദ്ദേഹത്തെ പി.എസ്.സി അംഗമായി നിയമിച്ചു.

യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം റാന്നിയിൽ കണ്ണ് വച്ചിരുന്നെങ്കിലും നിലപാട് മാറി. തിരുവല്ല സീറ്റിൽ തങ്ങൾ മത്സരിക്കുമെന്നാണ് അടുത്തിടെ പത്തനംതിട്ടയിലെത്തിയ പി.ജെ.ജോസഫ് പറഞ്ഞത്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് കാരണം ജനസമ്മതനായ നേതാവിനെ റാന്നിയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിക്കാർ തന്നെ കാലുവരിയ ചരിത്രമുണ്ട്. രണ്ട് തവണ മത്സരിച്ച പീലിപ്പോസ് തോമസിനും ബിജിലി പനവേലിക്കും മറിയാമ്മ ചെറിയാനും അത്തരം അനുഭവമുള്ളവരാണ്. കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി ഭാരവാഹികളായ കെ.ജയവർമ്മ, റിങ്കു ചെറിയാൻ എന്നിവരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്.

എൻ.ഡി.എയുടെ സാന്നിദ്ധ്യത്തിലൂടെ 2016ൽ റാന്നിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി കെ.പത്മകുമാർ 28,201 വോട്ടുകൾ നേടിയിരുന്നു. ഇത്തവണയും മണ്ഡലം ബി.ഡി.ജെ.എസിന് നൽകുമെന്നാണ് അറിയുന്നത്.

പോരാട്ടത്തിന്റെ ചരിത്രം


1957
ഇടിക്കുള (കോൺഗ്രസ്) : 23308
തോമസ് മാത്യു (സ്വതന്ത്രൻ) : 20772

1960
വയല ഇടിക്കുള (കോൺഗ്രസ്) : 34,560
ഇ.എം. തോമസ് (സി.പി.ഐ) : 24,426


1965
ഇ.എം. തോമസ് (കേരള കോൺഗ്രസ്) 21,707
എം. സണ്ണി (കോൺഗ്രസ്) :14,005
എൻ. സദാനന്ദൻ (സി.പി.ഐ) 7545

1967
എം.കെ. ദിവാകരൻ (സി.പി.ഐ) : 18,628
എൻ.ജെ. മാത്യു (കോൺഗ്രസ്) :12,795
ഇ.എം.തോമസ് (കെ.ഇ.സി) : 11,304

1970
ജേക്കബ് സ്‌കറിയ (സ്വത) : 16,136
സണ്ണി പനവേലി (സ്വത) :15,559
എം.കെ. ദിവാകരൻ(സി.പി.ഐ) : 8353

1977
കെ.എ. മാത്യു (കെ.ഇ.സി) : 32,530
തോമസ് (കെ.സി.പി) : 23,235

1980
എം.സി.ചെറിയാൻ (കോൺഗ്രസ് യു) : 31,423
സണ്ണി പനവേലി (കോൺഗ്രസ്) : 30,097


1982
സണ്ണി പനവേലി (കോൺഗ്രസ്) 34,490
എം.സി. ചെറിയാൻ (സ്വത) : 25,245

1987
ഈപ്പൻ വർഗീസ് (കെ.ഇ.സി) : 33,265
കെ.ഐ.ഇടിക്കുള മാപ്പിള (സി.പി.എം) : 32,062

1991
എം.സി. ചെറിയാൻ (കോൺഗ്രസ്) : 41048
ഇടിക്കുള മാപ്പിള (സി.പി.എം) : 38,809

1996
രാജു എബ്രഹാം (സി.പി.എം) : 40,932
ഫിലിപ്പോസ് തോമസ് (കോൺഗ്രസ്) : 37,503

2001
രാജു എബ്രഹാം (സി.പി.എം) : 48,286
ബിജിലി പനവേലി (കോൺഗ്രസ്) : 43,479

2006
രാജു എബ്രഹാം (സി.പി.എം) : 49,367
ഫിലിപ്പോസ് തോമസ് (കോൺഗ്രസ്) : 34,396

2011
രാജു എബ്രഹാം (സി.പി.എം) : 58,391
ഫിലിപ്പോസ് തോമസ് (കോൺഗ്രസ്) : 51,777

2016
രാജു എബ്രഹാം (സി.പി.എം) : 58,479
മറിയാമ്മ ചെറിയാൻ (കോൺഗ്രസ്) 44,153

ഭൂരിപക്ഷം 14,326

2019 ലോക്‌സഭ
ആന്റോ ആന്റണി(കോൺഗ്രസ്) : 50,755
വീണാജോർജ് (സി.പി.എം) : 42,931
കെ.സുരേന്ദ്രൻ (ബി.ജെി.പി) : 39,560
ഭൂരിപക്ഷം 7824

2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് നില


എൽ.ഡി.എഫ് : 51,453
യു.ഡി.എഫ് 49,314
എൻ.ഡി.എ 21,997

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

എൽ.ഡി.എഫ്: റാന്നി ബ്ലോക്ക് പഞ്ചായത്ത്, പെരുനാട്, വടശേരിക്കര, എഴുമറ്റൂർ, കൊറ്റനാട്, അയിരൂർ, റാന്നി, അങ്ങാടി പഞ്ചായത്തുകൾ.

യു.ഡി.എഫ്: വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി,

ബി.ജെ.പി: ചെറുകോൽ

ആകെ വോട്ടർമാർ : 1,90, 468

സ്ത്രീകൾ : 98,451

പുരുഷൻമാർ : 92,016

ട്രാൻസ്ജെൻഡർ : 1