പന്തളം: പന്തളം നഗരസഭയിൽ ഭൂരിപക്ഷത്തിന്റെ പേരിൽ ബി.ജെ.പി കാട്ടുന്ന അഹന്തയും ദാർഷ്ട്യവുമാണ് ഭരണപരാജയത്തിനു കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താൻ വരണാധികാരി ശ്രമിച്ചതാണ് തിരഞ്ഞെടുപ്പ് നീണ്ടുപോകാൻ ഇടയായത്. സെക്രട്ടറിയെ മാറ്റിയപ്പോൾ ഇവിടെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് യു.ഡി എഫ് പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനെ ബി.ജെ.പി അംഗങ്ങളിൽ ചിലർ അനുകൂലിക്കുകയും ചെയ്തു. എന്നാൽ ചെയർ പേഴ്സണും കൂട്ടരും സർക്കാർ തീരുമാനം നടക്കട്ടെ എന്നു പറഞ്ഞ് പരാജയപ്പെടുത്തുകയാണുണ്ടായത്. കൗൺസിലിൽ എന്തെങ്കിലും ന്യായമായ വിഷങ്ങൾ ഉന്നയിച്ചാൽ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പേരിൽ കൗൺസിലർമാർക്കെതിരെ കള്ള കേസ് കൊടുത്ത് വായടിപ്പിക്കാനാണ് ചെയർപേഴ്സൺ ശ്രമിക്കുന്നത് . ബഡ്ജറ്റ് യഥാസമയം അവതരിപ്പിക്കാൻ കഴിയാതെ പോയതും ഭരണ സമിതിയുടെ പിടിപ്പുകേടാണ്.. പന്തളം നഗരസഭാ ചെയർപേഴ്‌സൺ ശനിയാഴ്ച് നഗരസഭാ ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. പെരുമാറ്റചട്ടം നിലവിൽ വന്ന് കഴിഞ്ഞാൽ പ്രഖ്യാപനങ്ങൾ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ ലംഘിച്ചാണ് വാർത്താ സമ്മേളനം നടത്തിയത്. ഇതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും യു.ഡി എഫ് കൗൺസിലർമാർ പറഞ്ഞു. തങ്ങളുടെ കഴിവുകേടുകൾ പ്രതിപക്ഷത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പന്തളത്തു വിലപ്പോവില്ല. ഇത് പന്തളത്തെ ജനങ്ങൾ തിരിച്ചറിയുമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, കെ.ആർ രവി പന്തളം മഹേഷ് സുനിത വേണു. രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.