 
പന്തളം: വരൾച്ച രൂക്ഷമായതോടെ വെള്ളം ലഭിക്കാതെ പനങ്ങാട് ഏലംതാറ്റ് പുഞ്ചയിലെ നെൽക്കൃഷി നശിക്കുന്നു. 20 ഏക്കറിലെ കുടം പരുവമായ നെൽക്കൃഷിയാണ് പാടശേഖരങ്ങൾ വിണ്ടുകീറി ഉണങ്ങി നശിക്കുന്നത്. കുളനട ഗ്രാമപഞ്ചായത്തിലെ 12,13, വാർഡുകളിലായുള്ള നാല്പത് ഏക്കർ പടശേഖരത്തിൽ പകുതി ഭാഗവും മുപ്പത്' കൊല്ലത്തിലേറെയായി തരിശാണ്. ഇക്കൊല്ലം 20 ഏക്കറിൽ കൃഷി ഇറക്കിയത് ഇലന്തൂർ യുവകർഷക കൂട്ടായ്മയിലെ ഏഴ് പേർ ചേർന്നാണ്. ഇവർ നിലം ഉടമകളിൽ നിന്നും പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. വൃശ്ചിക കാർത്തികയ്ക്കാണ് സാധാരണ ഈ മേഖലകളിൽ നെൽകൃഷി തുടങ്ങുന്നത്. ഇത്തവണ അനവസരത്തിൽ പെയ്ത ശക്തമായ മഴ കാരണം കുഴിനിലങ്ങളിലെ വെള്ളം വലിയാൻ താമസിച്ചതിനാൽ കൃഷിയിറക്കാൻ വൈകി.ആദ്യം വിതച്ച വിത്ത് മഴയത്ത് ഒഴുകി പൊവുകയും ചെയ്തു. വരൾച്ചക്കാലത്തും കർഷകർക്ക് കൃഷി ചെയ്യുന്നതിന് അച്ചൻകോവിലാറ്റിലെ അമ്പാട്ട് കടവിൽ പമ്പ് ഹൗസും 30 എച്ച് പി മോട്ടറും സ്ഥാപിക്കുന്നതിനും ,അമ്പാട്ട് കടവിൽ നിന്നു കൊല്ലന്റെ പടി ചാലിലേക്കുള്ള തോടു നവീകരിക്കുന്നതിനും വീണാ ജോർജ് എം.എൽ.എ 45 ലക്ഷം രൂപ അനുവദിച്ചു. പദ്ധതി ഉദ്ഘാടനം നടത്തി നിർമാണം തുടങ്ങി മാസങ്ങൾ കഴിഞ്ഞെങ്കിലും പണി പൂർത്തികരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
ചാലിൽ കൃഷിക്കുള്ള വെള്ളമില്ല
ഈ പണികൾ പൂർത്തികരിച്ചിരുന്നങ്കിൽ വരൾച്ച സമയത്ത് ചാലിൽ നിന്നും നിലങ്ങളിലേക്ക് ആവശ്യത്തിനു വെള്ളം പമ്പ് ചെയ്ത് എടുക്കുന്നതിനും വർഷകാലങ്ങളിൽ അധികജലം ചാലിലേക്ക് ഒഴുക്കിവിടുവാനും കഴിയും. ഇപ്പോൾ ചാലിൽ കൃഷിക്ക് ഉപയോഗിക്കുന്നതിനാവശ്യമായ വെള്ളം ഇല്ല. അതിനാൽ പമ്പിംഗ് നടക്കുന്നില്ല. 120 ദിവസം മൂപ്പ് ഉള്ള അത്യുത്പദന ശേഷിയുള്ള ഉമ ഇനത്തിൻ പ്പെട്ട വിത്താണ് വിതച്ചത് കാലാവസ്ഥ അനുയോജ്യമായിരുന്നങ്കിൽ നല്ല വിളവ് ലഭിക്കുമായിരുന്നു .ഇപ്പോൾ സ്വന്തം അദ്വാനത്തിന് പുറമേ നാല് ലക്ഷത്തോളം രൂപ ചെലവായതായി കർഷകർ പറയുന്നു.
ഏലം താറ്റ് പാടശേഖരത്തിലെ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കർഷകരുടെ ആവശ്യപ്രകാരം വീണാ ജോർജ് എം.എൽ.എ പണം അനുവദിച്ചു. കരാറുകാരൻ പണി പൂർത്തികരിക്കാത്തതിനാൽ കർഷകർ ദുരിതത്തിലാണ്. എത്രയും വേഗം പണി പൂർത്തീകരിക്കുന്നതിനുളള നടപടി സ്വീകരിക്കണം.
പി.ജി.ഭരതരാജൻ പിള്ള
(ഏലം താറ്റ് പാടശേഖര
സമിതി സെക്രട്ടറി)
-വിതച്ചത് 120 ദിവസം മൂപ്പുള്ള ഉമ ഇനത്തിൽപ്പെട്ട വിത്ത്
-കൃഷി ഇറക്കിയത് ഇലന്തൂർ യുവകർഷക കൂട്ടായ്മ
- ഫണ്ട് അനുവദിച്ചിട്ടും ചാലിലേക്കുള്ള തോട് നവീകരണം പൂർത്തിയായില്ല