 
റാന്നി : നിയമസഭാതിരഞ്ഞെടുപ്പിൽ തങ്ങളോട് ആലോചിച്ച് വേണം സ്ഥാനാർത്ഥികളെ നിറുത്താനെന്ന സഭകളുടെ നിലപാട് മതവിദ്വേഷമുണ്ടാക്കുന്നതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 26ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഒാൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങൾക്കും നീതി കിട്ടിയാൽ മാത്രമേ ജാതിചിന്ത ഇല്ലാതാകൂ. അല്ലെങ്കിൽ നാടിന്റെ വികസനം ചീങ്കണ്ണിയുടെ രൂപം പോലെയാകും. തലയ്ക്ക് ചേരാത്ത ഉടലും ഉടലിന് ചേരാത്ത കൈകാലുകളും പോലെ വൈരൂപ്യമുള്ളതാകരുത് ജനാധിപത്യത്തിന്റെ സ്വഭാവം. വിദ്യാഭ്യാസവും സമ്പത്തും സാമൂഹിക നീതിയും എല്ലാവർക്കും ലഭിക്കണം. മതാധിപത്യവും പണാധിപത്യവും നാടിന്റെ വികസനം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയുണ്ടാകരുത്. എല്ലാം വാരിക്കൊണ്ടുപോകുന്നത് ഒരു വിഭാഗം മാത്രമായാൽ വിപ്ളവം വീണ്ടും വേണ്ടിവരും. ജാതി ചോദിക്കുന്ന നിയമ വ്യവസ്ഥയുള്ളതിനാൽ ജാതി പറയുന്ന സ്ഥിതിയുമുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഗുരുദേവന്റെ സന്ദേശത്തിന്റെ പ്രസക്തി കാലത്തിന് അതീതമാണ്. അത് മനസിലാക്കി വേണം ശ്രീനാരായണീയർ പ്രവർത്തിക്കാൻ. എെക്യമുണ്ടെങ്കിലേ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ ശക്തി ലഭിക്കൂ. ഗുരുദേവനാണ് നമുക്ക് വഴികാട്ടിയെന്ന് ഒരോരുത്തരും ഒാർക്കണം. ഗുരുദർശനങ്ങളെക്കുറിച്ച് അറിയാനും അറിയിക്കാനും കൺവെൻഷനുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷനായിരുന്നു.
റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ, ആന്റോ ആന്റണി എം.പി,എം.എൽ.എമാരായ രാജു എബ്രഹാം,കെ.യു.ജനീഷ്കുമാർ എന്നിവർ സംസാരിച്ചു.