bdjs

പത്തനംതിട്ട: എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസ് ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച റാന്നി സീറ്റ് ഇത്തവണയും ബി.ഡി.ജെ.എസിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാൽ, രണ്ടാമത്തെ സീറ്റ് ഏതെന്ന കാര്യത്തിൽ ബി.ജെ.പിയുമായി ചർച്ച പൂർത്തിയായിട്ടില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഇത്തവണ കോന്നിയിൽ മത്സരിക്കാനില്ലെങ്കിൽ ആ സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം.

കോന്നി ബി.ജെ.പി തന്നെ എടുത്താൽ ബി.ഡി.ജെ.എസ് പരിഗണിക്കുന്ന രണ്ടാമത്തെ സീറ്റ് തിരുവല്ലയാണ്. 2016ൽ റാന്നിയിൽ മത്സരിച്ച ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ 29246 വോട്ടുകൾ നേടിയിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 21ശതമാനം നേടി. ഇത്തവണ ശക്തമായ ത്രികോണ മത്സരം കാഴ്ചവെയ്ക്കാൻ കഴിയുമെന്നാണ് ബി.ഡി.ജെ.എസിന്റെ വിലയിരുത്തൽ.

തിരുവല്ല വേണമെന്ന് മാണി വിഭാഗം

പത്തനംതിട്ട: ഇടതു മുന്നണിയുടെ ഭാഗമായ കേരളകോൺഗ്രസ് മാണി വിഭാഗം തിരുവല്ല സീറ്റ് ആവശ്യപ്പെട്ടു. ജില്ലയിൽ ഒരു സീറ്റിൽ ഉറപ്പായും മത്സരിക്കുമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. തിരുവല്ല അല്ലെങ്കിൽ റാന്നി, ആറൻമുള സീറ്റുകളാണ് താൽപ്പര്യം. ജില്ലാ പ്രസിഡന്റ് എൻ.എം.രാജുവായിരിക്കും സ്ഥാനാർത്ഥി.