traffic

പരവൂർ: ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന പരവൂർ ജംഗ്ഷനോടുള്ള ഭരണകർത്താക്കളുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരക്കേറിയ ജംഗ്ഷനിൽ പാർക്കിംഗിന് പ്രത്യേക ഇടമില്ലാത്തതിനാൽ ഇവിടെയെത്തുന്നവർ വാഹനങ്ങൾ തോന്നുന്നയിടങ്ങളിൽ നിറുത്തിയിട്ട് പോകുകയാണ് പതിവ്. ഇതുമൂലം ഗതാഗതം തടസപ്പെടുകയും മണിക്കൂറുകളോളം ജംഗ്ഷൻ കുരുങ്ങി മുറുകകയുമാണ്.

പരവൂർ ജംഗ്ഷനിൽ വാഹനങ്ങളിൽ എത്തുന്നവരിൽ ഭൂരിഭാഗവും ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരാണ്. സ്ഥാപനങ്ങൾക്ക് മുന്നിലെ പരിമിതമായ സ്ഥലം നിറയുമ്പോൾ റോഡ് വക്കിലേക്ക് പാർക്കിംഗ് വഴിമാറും. ഇതോടെ പരവൂരിൽ നിന്ന് പാരിപ്പള്ളി, ചാത്തന്നൂർ, കാപ്പിൽ, പൊഴിക്കര എന്നിവിടങ്ങളിലേക്കുള്ള റോഡുകളെല്ലാം കുരുങ്ങി മുറുകും. ഈ സമയം കാൽനട യാത്രികർക്ക് പോലും ജംഗ്ഷനിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാകും.

പരവൂരിലെത്തുന്ന വാഹനങ്ങൾക്കായി പാർക്കിംഗ് കേന്ദ്രം തുടങ്ങാൻ മുമ്പ് നഗരസഭ ആലോചിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പാർക്കിംഗ് കേന്ദ്രത്തിനായി സ്ഥലം വരെ തീരുമാനിച്ചിട്ടും പദ്ധതി നടപ്പാക്കാത്തത് അധികൃതരുടെ അനാസ്ഥയെന്നാണ് നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം പറയുന്നത്.

 പരവൂർ ജംഗ്ഷനിലെ ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ മാറ്റി സ്ഥാപിച്ചാൽ ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും. പൊതുവായ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചാൽ ഗതാഗത പ്രശ്നം ഒഴിയുന്നതിനൊപ്പം പരവൂരിലെ വ്യാപാരവും മെച്ചപ്പെടും.

ബി. പ്രേമാനന്ദ്,
വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലാ പ്രസിഡന്റ്

 മാർക്കറ്റിന് പുറത്തുള്ള ചില്ലറ വ്യാപാരികൾ അനുവദനീയമായതിൽ കൂടുതൽ സ്ഥലം കവർന്ന് റോഡിലേക്ക് സാധനങ്ങൾ ഇറക്കിവച്ച് കച്ചവടം നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അനധികൃത പാർക്കിംഗ് മൂലം ജംഗ്ഷനിലെ സ്ഥിരം കച്ചവടക്കാർക്ക് സ്ഥാപനത്തിലേയ്ക്ക് സാധനങ്ങൾ എത്തിക്കാനും സാധിക്കുന്നില്ല.

ജി. ദിനേശ്‌ മണി,

ജനറൽ സെക്രട്ടറി
പരവൂർ മർച്ചന്റ്സ് അസോസിയേഷൻ