bridge

കൊല്ലം: കാത്തിരിപ്പ്, പ്രഖ്യാപനം, ബഡ്ജറ്റിൽ ടോക്കൺ തുക, മണ്ണ് പരിശോധന തുടങ്ങിയ നടപടി ക്രമങ്ങളെല്ലാം കഴിഞ്ഞെങ്കിലും 'പവനായി ശവമായി' എന്ന അവസ്ഥയാണ് കുരീപ്പുഴ പാണാമുക്കം - കോട്ടയത്ത് കടവിലെ പാലമെന്ന സ്വപ്നത്തിന്. നഗരസഭയുടെ തൃക്കടവൂർ സോണൽ പരിധിയിലെ പാണാമുക്കം സ്വദേശികളോട് കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ ഇപ്പറഞ്ഞ അടവുമുറകളെല്ലാം പയറ്റിയ അധികൃതർ പാലം പോയിട്ട് ഒരു കല്ലുപോലും സ്ഥാപിച്ചില്ലെന്നത് യാഥാർത്ഥ്യം.

കൊല്ലം നഗരത്തിൽ നിന്ന് കടത്തുവള്ളത്തിന്റെ സഹായത്തോടെ അഞ്ച് മിനിട്ട് കൊണ്ട് എത്താവുന്ന സ്ഥലമാണ് പാണാമുക്കം. അതേസമയം, റോഡ് മാർഗം ഇവിടേക്ക് എത്തണമെങ്കിൽ ഒന്നര മണിക്കൂറെങ്കിലും വേണം. പാണാമുക്കം - കോട്ടയത്ത് കടവ് പാലം യാഥാർത്ഥ്യമായാൽ പ്രദേശവാസികൾക്ക് കിലോമീറ്ററുകളുടെ ലാഭമുണ്ടാകുമെന്ന് മാത്രമല്ല നഗരത്തിൽ നിന്ന് ബൈപ്പാസിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും.

 മുറപോലെ നടപടികൾ

പി.കെ. ഗുരുദാസൻ എം.എൽ.എ ആയിരുന്ന കാലത്ത് പാലത്തിനായി ബഡ്ജറ്റിൽ ടോക്കൺ തുക അനുവദിച്ചിരുന്നു. അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനൽകാൻ നാട്ടുകാരും തയ്യാറായി. മണ്ണ് പരിശോധനയടക്കം കഴിഞ്ഞെങ്കിലും തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ പണമില്ലെന്ന കാരണത്താൽ പദ്ധതി ഉപേക്ഷിച്ചു. കിഫ്‌ബിയിൽ നിന്ന് പണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ഒക്ടോബറിൽ കോർപ്പറേഷൻ പ്രമേയം പാസാക്കിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

 പുത്തൻ വാഗ്ദാനവുമായി ഭരണകക്ഷി

പാലം നിർമ്മിക്കുമെന്നത് വർഷങ്ങൾക്കിപ്പുറം പാ‌ഴ്‌വാക്കായെങ്കിലും നഗരസഭ പുതിയൊരു വാഗ്ദാനം പാണാമുക്കത്തുകാർക്ക് നൽകിയിട്ടുണ്ട്. കുളങ്ങര വൈദ്യശാല ഭാഗത്തേക്ക് ജങ്കാർ സർവീസ് ആരംഭിക്കുമെന്നാണ് നഗരസഭയിലെ ഭരണകക്ഷി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ നൽകിയിരിക്കുന്ന വാഗ്ദാനം.