കുന്നത്തൂർ: കൊട്ടാരക്കര - കരുനാഗപ്പള്ളി പ്രധാന പാതയിൽ കല്ലടയാറ്റിന് കുറുകേ സ്ഥിതി ചെയ്യുന്ന കുന്നത്തൂർ പാലത്തിൽ മാസങ്ങളായി സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിൽ പരസ്യം സ്ഥാപിക്കുന്ന ഏജൻസികളാണ് സ്ട്രീറ്റ് ലൈറ്റിന്റെ വൈദ്യുതി ബിൽ അടച്ചിരുന്നത്. കരാർ കാലാവധി കഴിഞ്ഞതിനാൽ പരസ്യ ഏജൻസികൾ പിന്മാറുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ലൈറ്റുകൾ കത്തിക്കാൻ പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കും പരിസരത്തേക്കും മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. ഇവിടെ ആത്മഹത്യ ചെയ്യാനെത്തുന്നവരും കുറവല്ല. കൊട്ടാരക്കരയിൽ കൊല്ലം - ചെങ്കോട്ട പാതയെയും കരുനാഗപ്പള്ളിയിൽ എൻ.എച്ച് 47നെയും ബന്ധിപ്പിക്കുന്ന പാതയായതിനാൽ രാത്രിയിൽപ്പോലും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചരക്കു ലോറികളടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഇടപെടണം
കുന്നത്തൂർ പാലത്തിലെ തെരുവുവിളക്കുകൾ കത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണം. ശാസ്താംകോട്ട, എഴുകോൺ പി.ഡബ്ലിയു.ഡി ഓഫീസ് അധികൃതർ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
(ഉമേഷ് കുന്നത്തൂർ, യൂത്ത് കോൺഗ്രസ് നേതാവ്)
തെരുവ് നായ്ക്കളുടെ ശല്യം
കുന്നത്തൂർ പാലത്തിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് യാത്രക്കാർ പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. അടിയന്തരമായി പാലത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ തെളിയിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.