police

തിരുവനന്തപുരം: അടൂർ പൊലീസ് കന്റീനിൽ നടന്ന അരക്കോടിയോളം രൂപയുടെ അഴിമതിക്ക് പിന്നിൽ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി. പൊലീസ് ആസ്ഥാനത്ത് നിന്ന് വാട്ട്സ്ആപ് വഴിയും ഫോണിലൂടെയും കന്റീനിലേക്ക് അനാവശ്യമായ പർച്ചേസുകൾ നടത്താൻ നിർദ്ദേശിച്ച ഇവർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ നിന്ന് കമ്മിഷൻ ഇനത്തിൽ ഈടാക്കിയത് ലക്ഷങ്ങൾ.

അടൂരിലെ മൂന്നാം കേരള ആംഡ് ബറ്റാലിയൻ പൊലീസ് ക്യാമ്പ് കേന്ദ്രീകരിച്ച് 2018-19ൽ നടന്ന പർച്ചേസുകളിലാണ് അരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നത്. പർച്ചേസിൽ ലക്ഷങ്ങളുടെ അഴിമതി സ്ഥിരീകരിച്ച് ക്യാമ്പിന്റെ മേധാവിയും ഐ.പി.എസുകാരനുമായ കമൻഡാന്റ് പൊലീസിന് പുറത്തുള്ള ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണത്തിന് ശുപാർശചെയ്ത് പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.

അന്വേഷണം

പ്രഖ്യാപനത്തിലൊതുങ്ങി

ആഭ്യന്തര വകുപ്പിൽ നിന്ന് വകുപ്പ് തല അന്വേഷണത്തിന് പുറമേ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് വാസ്തവം. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയുടെ സ്വാധീനവും ഉന്നത രാഷ്ട്രീയ ഇടപെടലുകളുമാണ് അന്വേഷണത്തിനും കുറ്റക്കാരായ ജീവനക്കാർക്കെതിരായ നടപടികൾക്കും തടസമായത്.

ഭരണപക്ഷാനുകൂല പൊലീസ് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് പൊലീസ് കന്റീനുകളുടെ പ്രവർത്തനം.കന്റീനിലെ അഴിമതി പുറത്തായത് സേനയ്ക്കുള്ളിൽ ച‌ർച്ചയ്ക്കും അപമാനത്തിനും ഇടയാക്കിയതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനും നടപടികൾക്കും മുതിരാതെ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പിലാണ് ലക്ഷങ്ങളുടെ അഴിമതി കുഴിച്ചുമൂടിയത്.

അഴിമതി ഇങ്ങനെ

വിലകൂടിയതും വൻതുകകൾ കമ്മിഷൻ ലഭിക്കുന്നതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷണ സാധനങ്ങൾ, ബ്രാന്റഡ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഡിമാന്റ് വിലയിരുത്താതെ വൻതോതിൽ വാങ്ങിക്കൂട്ടിയാണ് അഴിമതി നടത്തിയത്. ഉയർന്ന കമ്മിഷൻ വാഗ്ദാനം ചെയ്ത കമ്പനികളുടെ 42,​29,​956 രൂപയുടെ സാധനങ്ങളാണ് അടൂരിലെ പൊലീസ് സബ്സിഡിയറി കന്റീനിൽ ഇക്കാലയളവിൽ പർച്ചേസ് ചെയ്തത്. പൊലീസ് ആസ്ഥാനത്ത് വൻ സ്വാധീനമുള്ള ജീവനക്കാരിയുടെ നി‌ർദ്ദേശപ്രകാരമായിരുന്നു ഈ വാങ്ങലുകൾ.

ഫോണിലൂടെയും വാട്സ്ആപ് സന്ദേശങ്ങളിലൂടെയും ജീവനക്കാരി നൽകിയ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വാങ്ങിക്കൂട്ടിയ സാധനങ്ങളാകട്ടെ കന്റീനിൽ എടുക്കാചരക്കായ സ്ഥലം കൊല്ലികളുമായി.

കമ്പ്യൂട്ടർ കീ ബോഡുകൾ,​ പവർബാങ്ക്,​ മൊബൈൽ ചാർജർ,​ എൽ.ഇ.ഡി ബൾബുകൾ,​ വാഷിംഗ് മെഷീൻ,​ ഫ്രിഡ്ജ്,​ ടിവി തുടങ്ങിയ ഇലക്ട്രോണിക്-ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ,​ നിശ്ചിത കാലയളവിൽ ഉപയോഗിക്കേണ്ട പായ്ക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയാണ് അനാവശ്യമായി വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ പട്ടികയിലുള്ളത്.

ഇതിൽ പലതും കന്റീനിലേക്ക് സാധനങ്ങൾ പർച്ചേസ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നവയുമല്ല. ഒാഡിറ്റിൽ പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ വാങ്ങിയ സാധനങ്ങളുടെ വൻ സ്റ്റോക്ക് കണ്ടെത്തുകയും പല ഉൽപ്പന്നങ്ങളുടെയും കാലാവധി അവസാനിക്കുകയും ചെയ്തതോടെയാണ് വിവാദ പർച്ചേസുകൾ വിവാദമായത്.

പതിനൊന്ന് ലക്ഷത്തിന്റെ സാധനങ്ങൾ മുക്കി

രണ്ട് ലക്ഷത്തിന്റേത് പൊങ്ങി

പൊലീസ് കന്റീനിലെ അഴിമതിയും ക്രമക്കേടുകളും പുറത്തായതോടെ അനാവശ്യമായി വാങ്ങിക്കൂട്ടിയ വകയിലുൾപ്പെട്ട 11,​33,​777 രൂപയുടെ സാധനങ്ങൾ മാസങ്ങൾക്ക് മുമ്പ് ഒരു സുപ്രഭാതത്തിൽ നിന്ന് കന്റീനിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. സാധനങ്ങൾ പൂഴ്ത്തിവച്ച് അനാവശ്യമായ പർച്ചേസുകളിൽ അന്വേഷണം ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിലെങ്കിലും സാധനങ്ങൾ കാണാതായത് ചർച്ചയാകുകയും മോഷണത്തിന് പരാതി നൽകാനുള്ള നീക്കം നടക്കുകയും ചെയ്തതോടെ കാണാതായ സാധനങ്ങളിൽ ചിലതൊക്കെ ദിവസങ്ങൾക്കകം കന്റീനിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

2,​24,​342 രൂപയുടെ സാധനങ്ങളാണ് ഇത്തരത്തിൽ പുനരവതരിച്ചത്. എന്നാൽ, ശേഷിച്ച ഒമ്പത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ എവിടെയെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയുടെ നിർദ്ദേശാനുസരണം സാധനങ്ങൾ പൂഴ്ത്തിവച്ച് അനാവശ്യ പർച്ചേസ് കണ്ടെത്തുന്നത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കന്റീനിൽ ദിവസവേതനക്കാരനും കമ്മിഷൻ

കൊല്ലം റൂറലിൽ ജോലി ചെയ്യുന്ന പൊലീസ് അസോസിയേഷനിൽ വൻ സ്വാധീനമുള്ള ഒരു പൊലീസുകാരന്റെ ബന്ധുവായിരുന്നു അടൂർ പൊലീസ് കന്റീനിലെ ദിവസ വേതനക്കാരിൽ ഒരാളായ സുനിൽകുമാർ. പൊലീസ് സേനാംഗങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എടുത്ത് നൽകാനും മറ്റുമായി നിയോഗിച്ച ഇയാൾക്ക് ചുരുങ്ങിയ നാളുകൾക്കകം പൊലീസ് കന്റീൻ നടത്തിപ്പിൽ നിർണായക റോളായി. സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ഓർഡർ നൽകുന്നതിലും സേനാംഗങ്ങൾക്ക് സാധനങ്ങൾ തി‌‌രഞ്ഞെടുത്ത് നൽകുന്നതിലുമെല്ലാം നിർണായക പങ്ക് വഹിച്ചിരുന്ന സുനിൽകുമാർ സർവ്വാധികാര്യക്കാരൻ ആയതോടെ കന്റീനിൽ സാധനങ്ങൾ വിതരണം ചെയ്യാനെത്തുന്ന കമ്പനിയുടെ പ്രതിനിധികൾ പർച്ചേസിന് സുനിൽകുമാറിന്റെ സഹായംതേടി.

തങ്ങളുടെ ഉൽപ്പന്നങ്ങൾ സെലക്ട് ചെയ്യുന്നതിന് ഇവർ സുനിൽകുമാറിന് വൻഓഫറുകൾ വാഗ്ദാനം ചെയ്തു. കമ്പനികളുടെ ഓഫറുകൾ സ്വീകരിച്ച സുനിൽകുമാറിന് ശമ്പളത്തേക്കാൾ കൂടുതൽ തുക കിമ്പളമായി ലഭിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കമ്മിഷൻ മോഹിച്ച് സുനിൽകുമാറും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയും അസോസിയേഷനിലെ ചിലരും ചേർന്ന് നടത്തിയ പർച്ചേസ് കൊള്ളയിലെ അന്വേഷണമാണ് പൊലീസ് ആസ്ഥാനത്തെ ഉന്നതരുടെ ആശീർവാദത്തോടെ കുഴിച്ച് മൂടിയിരിക്കുന്നത്.