കൊല്ലം: ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്ന അറുപത് വയസുകാരൻ ആത്മഹത്യാശ്രമം നടത്തി. ഇന്നലെ രാവിലെ എട്ടരയോടെ കൊവിഡ് സെന്ററിലെ രണ്ടാംനിലയുടെ മുകളിലെ ഷേഡിൽ നിന്ന് ചാടാൻ ശ്രമിക്കുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി. ഫയർ ഓഫീസർമാരായ സാനിഷ്, നാസിമുദ്ദീൻ എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് മുകളിലത്തെ നിലയുടെ ജനലിലൂടെ ഷേഡിൽ ഇറങ്ങി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ജനലിലൂടെ തിരികെ കയറ്റി വീണ്ടും ചികിത്സയ്ക്ക് വിധേയനാക്കി.
നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്ന ഇയാളെ ഒരാഴ്ച മുൻപാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഇയാൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. റിവേഴ്‌സ് ക്വാറന്റൈനിലായിരുന്ന ഇയാൾ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കാറുണ്ടായിരുന്നു. കടപ്പാക്കട ഫയർ സ്റ്റേഷൻ എ.എസ്.ടി.ഒ ലാൽജീവ്, സീനിയർ ഫയർ ഓഫീസർ മണിയൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.