
പൊലീസ് പിന്നാക്കം വലിയുന്നു
കൊല്ലം: ഇടക്കാലത്തിന് ശേഷം ജില്ലയിൽ വീണ്ടും ക്വട്ടേഷൻ സംഘങ്ങൾ കളംപിടിക്കുന്നു. പല അക്രമസംഭവങ്ങളുടെയും പിന്നാമ്പുറങ്ങളിലേയ്ക്ക് പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണ് ക്വട്ടേഷൻ വെളിപ്പെടുന്നത്. ഇത്തരം സംഘങ്ങളുടെ വിളയാട്ടം പതിവായിട്ടും പൊലീസ് ശക്തമായ നടപടിയിലേയ്ക്ക് ഇനിയും കടന്നിട്ടില്ല.
നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാക്കളാണ് പല ക്വട്ടേഷൻ സംഘങ്ങളുടെയും തലവന്മാർ. ഇവരിൽ പലരും സ്വന്തം പ്രശ്നങ്ങൾക്കാണ് ആദ്യഘട്ടങ്ങളിൽ അടിപിടി ഉണ്ടാക്കിയിട്ടുള്ളത്. ഇതിന് പുറമെ കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നവരുമാണ്. ലഹരിപദാർത്ഥങ്ങളുടെ വില്പന കൂടി തൊഴിലാക്കിയിട്ടുള്ള ഇവർക്കൊപ്പം കൂടുതൽ ചെറുപ്പക്കാരും ചേരും. ഇവരെ കൂടി സംഘത്തിൽ ചേർത്താണ് തലവന്മാർ ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നത്.
ക്വട്ടേഷൻ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും പതിവായിട്ടുണ്ട്. കാര്യമായി പരിക്കേറ്റാലും തിരിച്ചടിച്ച് തീർക്കാൻ തീരുമാനിക്കുന്നതിനാൽ പൊലീസിന് പല സംഭവങ്ങളിലും പരാതി ലഭിക്കുന്നില്ല. സംഘർഷങ്ങളെ കുറിച്ച് വിവരം ലഭിച്ചാലും പരാതിയില്ലാത്തതിനാൽ പൊലീസ് പിന്നാലെ പോയി ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാനും ശ്രമിക്കുന്നില്ല.
അമ്മായിഅമ്മയുടെ ക്വട്ടേഷൻ
മരുമകനെ കൈകാര്യം ചെയ്യാൻ അമ്മായിഅമ്മ ക്വട്ടേഷൻ നൽകിയ സംഭവം അടുത്തിടെയാണ് പുറത്ത് വന്നത്. ഡിസംബർ 23ന് എഴുകോണിലായിരുന്നു സംഭവം. മരുമകൻ ജോലിക്ക് പോകാതെ കറങ്ങിനടക്കുന്നതിന്റെ വൈരാഗ്യത്തിലാണ് അമ്മായിഅമ്മ ക്വട്ടേഷൻ നൽകിയത്. മങ്ങാട് സ്വദേശിയാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അമ്മായിഅമ്മയുടെ പങ്ക് പുറത്തായത്.
പൂയപ്പള്ളിയിൽ ഏഴംഗ ക്വട്ടേഷൻ സംഘം
ഒക്ടോബറിൽ ഏഴംഗ ക്വട്ടേഷൻ സംഘം പൂയപ്പള്ളിയിൽ ഗൃഹനാഥനെ വീടുകയറി ആക്രമിച്ചിരുന്നു. ആക്രമണത്തിന് ഇരയായ ഗൃഹനാഥൻ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് പ്രദേശവാസിയായ മറ്റൊരു മദ്ധ്യവയസ്കനെ പൂയപ്പള്ളിയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ വെട്ടേറ്റയാൾ ഗുണ്ടാസംഘത്തെ ഇറക്കുകയായിരുന്നു.
പട്ടത്താനത്ത് വീടുകയറി ആക്രമണം
പട്ടത്താനത്ത് കഴിഞ്ഞമാസം 27ന് രണ്ടംഗസംഘം വീടുകയറി ആക്രമണം നടത്തി. സി.സി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ. തർക്കവുമായി ബന്ധമില്ലാത്തവരാണ് ആക്രമണം നടത്തിയത്. ഇതാണ് ക്വട്ടേഷനാണെന്ന സംശയം ഉയത്തുന്നത്. പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ല.
ആറ് മാസത്തിനിടയിൽ 9 പേർക്ക് കാപ്പ
കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന ഒൻപത് പേർക്ക് കാപ്പ ചുമത്തി. ഇതിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. ആറുമാസത്തിനിടയിൽ 22 പേർക്ക് കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കമ്മിഷണർ സമർപ്പിച്ചു. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഉടൻ ലഭിച്ചേക്കും. ആറുമാസമാണ് കാപ്പ പ്രകാരം ജയിലിലടയ്ക്കുന്നത്. ഇവർ പുറത്തിറങ്ങി വീണ്ടും അക്രമസംഭവങ്ങളിൽ പങ്കാളിയാകുന്നതാണ് പതിവ്. നഗരത്തിലെ പ്രമുഖ ഗുണ്ടയെ നാല് വർഷത്തിനിടയിൽ മൂന്ന് തവണ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്.
''
അടുത്തിടെ ഉണ്ടായ ക്വട്ടേഷൻ അക്രമങ്ങളിലെ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രിവന്റീവ് ആക്ട്, ഗുണ്ടാ ആക്ട് എന്നിവ പ്രകാരവും നടപടിയെടുത്തുവരുന്നു. ഇത്തരക്കാർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ബോണ്ട് വയ്പ്പിക്കുന്ന നടപടികളും നടക്കുന്നു.
ടി. നാരായണൻ
കമ്മിഷണർ