police

തിരുവനന്തപുരം: ഒരുവർഷത്തെ പർച്ചേസിൽ അരക്കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയ അടൂർ പൊലീസ് കന്റീൻ ക്രമക്കേടിന് പിന്നാലെ കന്റീൻ പ്രവർത്തനം കുറ്റമറ്റതാക്കാനും വെട്ടിപ്പ് തടയാനും യുവ ഐ.പി.എസ് ഓഫീസർ സമർപ്പിച്ച ശുപാർശ പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തി. കേരള ആംഡ് പൊലീസ് ബറ്റാലിയൻ മൂന്നിലെ കമൻഡാന്റായ ജയനാഥ് സംസ്ഥാന പൊലീസ് മേധാവി മുമ്പാകെ സമർപ്പിച്ച ശുപാർ‌ശയാണ് ചവറ്റുകൊട്ടയിലായത്. സംസ്ഥാന പൊലീസ് സേനാംഗങ്ങളിൽ നിന്ന് 2,150 രൂപവീതം അംശദായത്തിലൂടെ സമാഹരിക്കുന്നതാണ് കന്റീന്റെ മൂലധനം.

അംശദായം ഒടുക്കി കന്റീൻ സേവനം തേടിവരുന്നവർക്ക് കുറ്റമറ്റ സേവനം നൽകുന്നതിനും അവർ വഞ്ചിതരാകാതിരിക്കാനുമാണ് അടൂർ കന്റീൻ കൊള്ളയുടെ അടിസ്ഥാനത്തിൽ കന്റീൻ പ്രവർത്തനങ്ങൾ പൊളിച്ചെഴുതാൻ ശുപാർശ നൽകിയത്. അഴിമതിയും വെട്ടിപ്പും തടയാനും പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും സമർപ്പിച്ച 19 ഇന ശുപാർശയിൽ ഒന്നുപോലും നാളിതുവരെ നടപ്പാക്കിയില്ലെന്ന് മാത്രമല്ല , കന്റീൻ കൊളള അധികൃതരുടെ മുന്നിൽ തുറന്നുകാട്ടിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി മനോവീര്യം തകർക്കാനാണ് മേലുദ്യോഗസ്ഥർ ശ്രമിച്ചത്.

കഴിഞ്ഞമാസം നാലിന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് സമർപ്പിച്ച 19 ഇന ശുപാർശകളുടെ പകർപ്പ് സംസ്ഥാന പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കൈമാറിയിട്ടുണ്ടെങ്കിലും സേനാംഗങ്ങളുടെ പേരിൽ മേനിനടിക്കുന്ന അസോസിയേഷനുകളും ശുപാർശയ്ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

 കാക്കിയോട് കൂറുള്ള ശുപാർശ

പൊലീസ് സേനയെയും സേനാംഗങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക് അവഗണിക്കാനാകാത്തതാണ് അടൂരിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ ശുപാർശകൾ. പൊലീസ് കന്റീന്റെ സംസ്ഥാന തല മീറ്റിംഗിൽ പങ്കെടുക്കുന്ന വ്യക്തി കന്റീൻ കണക്കുകൾ പരിശോധിക്കുന്നതിലെ വിയോജിപ്പോടെയാണ് ശുപാർശയുടെ തുടക്കം. കന്റീൻ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സ്വതന്ത്രസംഘത്തെയും പ്രവർത്തനം വിലയിരുത്തലിന് എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയും പ്രാതിനിദ്ധ്യത്തോടെ സ്ഥിരം സമിതിയെയും നിയോഗിക്കുക, പർച്ചേസ് കമ്മിറ്രിയിൽ ഉപഭോക്താക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനൊപ്പം ജനപ്രിയ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക,സംസ്ഥാന തലത്തിൽ കാര്യപ്രാപ്തിയുള്ള ഒരു ഉദ്യോഗസ്ഥനെ മേൽനോട്ടച്ചുമതല ഏൽപ്പിക്കുക, പൊലീസ് ആസ്ഥാനം മുതൽ ഷോപ്പ് ഫ്ളോർ വരെ രണ്ട് വർഷത്തിലധികം ചുമതല നൽകുന്നത് ഒഴിവാക്കുക,പൊതുവിപണിയിലേതിന് തുല്യമായ ഗുണനിലവാരം ഉറപ്പാക്കുക,

കാലഹരണപ്പെട്ട സാധനങ്ങൾ അടിച്ചേൽപ്പിക്കരുത്, കന്റീൻ സേവനം അർഹരായവർക്ക് മാത്രം പരിമിതപ്പെടുത്തുക, വിലപിടിപ്പുളള വസ്തുക്കൾ അർഹരായവർ തന്നെയാണ് വാങ്ങിയതെന്ന് ഉറപ്പാക്കുക, ക്രെഡിറ്റ് സംവിധാനത്തിൽ സാധനങ്ങൾ വാങ്ങാൻ അനുമതി നൽകുക, കന്റീൻ നോൺ, കന്റീൻ ഉൽപ്പന്നങ്ങൾക്ക് ഫോർ സെയിൽ ഇൻ സി.പി.സി കന്റീൻ ഒൺലി എന്ന് ബ്രാന്റിംഗ് വേണം, വിലയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വിസമ്മതിക്കുന്നവരെ കരിമ്പട്ടികയിലാക്കുക, കന്റീനിലും പുറത്തും ഉൽപ്പന്നങ്ങളുടെ എം.ആർ.പി ഏകീകരിക്കണം, പൊതുവിപണിയിൽ ലഭ്യമല്ലാത്ത സാധനങ്ങളുടെ വിലയും ഗുണവും താരതമ്യം ചെയ്യാൻ കഴിയാത്തതിനാൽ പൊതുവിപണിയിൽ ലഭ്യമല്ലാത്തവ കന്റീൻ വഴി വിതരണം ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ ശുപാർശകളാണ് സംസ്ഥാന പൊലീസ് മേധാവിക്ക് സമ‌ർപ്പിക്കപ്പെട്ടത്.

ശുപാർ‌ശ സംബന്ധിച്ച റിപ്പോർട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂല തീരുമാനമൊന്നും ആഭ്യന്തര വകുപ്പിൽ നിന്ന് ഇതുവരെ ഉണ്ടാകാതിരിക്കുകയും കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി മനോവീര്യം തകർക്കുകയും ചെയ്ത മേലധികാരികളുടെ നടപടി സേനാംഗങ്ങളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സേനയുടെ അച്ചടക്കവും അന്തസും കാത്ത് സൂക്ഷിക്കേണ്ടതിനാലാണ് ഇവരിൽ പലരും പരസ്യ പ്രതികരണത്തിന് കൂട്ടാക്കാത്തത്. എന്നാൽ, പൊലീസ് സേനാംഗങ്ങളുടെ മൗനം മുതലെടുത്ത് കൊള്ളയ്ക്കും അഴിമതിക്കുംകുടപിടിക്കുകയാണ് പൊലീസ് സേനയിലെ ഉന്നതരുൾപ്പെടെയുള്ള ഉദ്യോഗസ്ഥ വൃന്ദം.